പണ്ടൊക്കെ മുത്തശ്ശിമാർ നമ്മുടെ ശരീരത്തില്‍ എന്തെങ്കിലും മുറിവ് പറ്റിയാല്‍ പറമ്ബില്‍ തന്നെയുള്ള ഒരു ഇല പിഴിഞ്ഞെടുത്ത സത്ത് ആ മുറിവില്‍ പുരട്ടി കെട്ടിവച്ച് തരുമായിരുന്നു.എത്ര വലിയ മുറിവായാലും ഇങ്ങനെ കെട്ടിവച്ചാല്‍ മുറിവ് കരിയുകയും ചെയ്യും. അന്ന് കാലത്തൊന്നും ആരും ആശുപത്രികളില്‍ അധികം പോകാറില്ല. ഏതാണ് ആ ഇലയെന്ന് നിങ്ങള്‍ക്കറിയാമോ? അതാണ് മുറികൂടിപ്പച്ച. സ്ട്രോബലാന്തസ് ആള്‍ട്ടർനേറ്റ എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം.
മുറികൂടിപ്പച്ചയിലടങ്ങിയിരിക്കുന്ന ‘ലൂപ്പിയോള്‍’ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നതെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ‘ആക്ടിയോസിഡ്’ എന്ന സംയുക്തമാണ് ഇതിനു പിന്നിലെന്ന് കണ്ടെത്തിയിരിക്കുകയാണ് ജവഹർലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാർഡനിലെ സെന്റർ ഒഫ് എക്സലൻസ് ഫൈറ്റോ കെമിക്കല്‍ നാനോ ടെക്നോളജിയിലെ ഗവേഷകർ. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ശ്രേഷ്ഠ പദ്ധതി വഴി മുറിവുണക്കുന്ന ‘പാഡ്’ വികസിപ്പിച്ചു.
പാഡിലെ നേർത്ത നാനോ ഫൈബർ പാളി വേഗത്തില്‍ മുറിവുണക്കും. ഇതില്‍ ആക്ടിയോസിഡും ആന്റിബയോട്ടിക്കായ നിയോമൈസിൻ സള്‍ഫേറ്റും അടങ്ങിയിട്ടുണ്ട്. ദുർഗന്ധമില്ലാതാക്കുകയും സൂക്ഷ്മാണുക്കളുടെ വളർച്ച തടയുകയും ചെയ്യും. മൃഗങ്ങളില്‍ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു.
മുറികൂടിപ്പച്ചയില്‍ വലിയ തോതില്‍ കാണുന്ന ‘ആക്ടിയോസിഡ്’ സംയുക്തത്തിന് രാജ്യാന്തര വിപണിയില്‍ മില്ലിഗ്രാമിന് 4500 മുതല്‍ 6000 രൂപ വരെയാണ് വില. പാഡിന് പേറ്റന്റ് നേടാൻ ശ്രമം തുടങ്ങിയതായി ഗവേഷകരായ ഡോ.വി.ഗായത്രി,ഡോ.എസ്.അജികുമാരൻ നായർ,ഡോ.ബി.സാബുലാല്‍,നീരജ്.എസ്.രാജ്,ഡോ.വി. അരുണാചലനം എന്നിവരറിയിച്ചു.