ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധന. സംസ്ഥാനത്തെ ഗ്രാമീണമേഖലകളില്‍ പെട്രോള്‍ വില 90 കടന്നിരിക്കുകയാണ്.
പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇപ്പോള്‍ വര്‍ധിച്ചിരിക്കുന്നത്. ലോക്ക്ഡൗണിന് ശേഷമുള്ള എട്ട് മാസത്തിനിടെ 16 രൂപയാണ് ഇന്ധനവിലയില്‍ വര്‍ധനവുണ്ടായത്.
ഒരാഴ്ചക്കിടെ മൂന്നാമത്തെ തവണയാണ് പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിച്ചിരിക്കുന്നത്. കൊച്ചിയില്‍ പെട്രോളിന് 87.57 രൂപയും ഡീസലിന് 81.82 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 89.18 രൂപയും ഡീസലിന് 83.33 രൂപയുമാണ് വില.
തുടര്‍ച്ചയായി ഇന്ധനവില വര്‍ധിക്കുന്നത് അവശ്യസാധനങ്ങളുടെ വിലയും കൂട്ടിയിരിക്കുകയാണ്. ജീവിതച്ചെലവുകളില്‍ ഗണ്യമായ വര്‍ധനവാണ് ഇന്ധനവില വര്‍ധനവ് സൃഷ്ടിച്ചിരിക്കുന്നത്.
ഇന്ധനവില വര്‍ധനവ് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനത്തിന് ഇടയാക്കുന്നുണ്ട്. യു.പി.എ സര്‍ക്കാരിന്റെ ഭരണകാലത്ത് ഇന്ധനവില വര്‍ധനവിനെതിരെ ബി.ജെ.പിയുടെയും നരേന്ദ്ര മോദിയുടെയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളുടെയും ഓണ്‍ലൈന്‍ ക്യാംപെയ്‌നുകളുടെയും ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടാണ് പലരും വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞിരിക്കുമ്പോഴും രാജ്യത്തെ പെട്രോള്‍-ഡീസല്‍ വില തുടര്‍ച്ചയായി വര്‍ധിപ്പിക്കുന്നത് സംശയകരമാണെന്നും കോര്‍പ്പറേറ്റുകളെ സഹായിക്കാനുള്ള നടപടിയാണെന്നും പ്രതിപക്ഷം വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.