കാവുംമന്ദം: 2021-22 വര്‍ഷത്തേക്കുള്ള 17.72 കോടി രൂപ വരവും 17.62 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് അവതരിപ്പിച്ച് തരിയോട് ഗ്രാമപഞ്ചായത്ത് ജില്ലയില്‍ ഈ വര്‍ഷത്തെ ബഡ്ജറ്റ് അവതരിപ്പിക്കുന്ന ആദ്യ ഗ്രാമപഞ്ചായത്തായി മാറി. പ്രസിഡണ്ട് വി.ജി ഷിബുവിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണും വൈസ് പ്രസിഡണ്ടുമായ സൂന നവീൻ ബഡ്ജറ്റ് അവതരിപ്പിച്ചു. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്‍റെ ഭാഗമായി ഭവന നിര്‍മ്മാണത്തിനും കാര്‍ഷിക മേഖലയ്ക്കും അതോടൊപ്പം കുടിവെള്ള വിതരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള പദ്ധതികൾക്കും അടിസ്ഥാന മേഖലയ്ക്കും തുല്യ പ്രാധാന്യം നൽകിക്കൊണ്ടാണ് ബഡ്ജറ്റ് തയ്യാറാക്കിയിട്ടുള്ളത്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾക്ക് മതിയായ പ്രാധാന്യം ബഡ്ജറ്റിൽ നൽകിയിട്ടുണ്ട്. മുൻകാല അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് വരും വർഷങ്ങളിൽ പ്രളയത്തെ നേരിടുന്നതിന് ഷെൽട്ടറുകൾ അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനും നിലവിലെ കോവിഡ് 19 മഹാമാരി പോലെയുള്ള വിപത്തുകളെ നേരിടുന്നതിനും ബഡ്ജറ്റിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. തരിയോട് പഞ്ചായത്തിലെ കായിക പ്രേമികളുടെ ചിരകാല അഭിലാഷമായ കളിസ്ഥലവും കായിക പരിശീലന പരിപാടികളും ബഡ്ജറ്റിന്‍റെ ഭാഗമായിട്ടുണ്ട്.
യോഗത്തില്‍ ഗ്രാമപഞ്ചായത്ത് ചെയർമാൻമാരായ ഷീജ ആന്റണി, ഷമീം പാറക്കണ്ടി, രാധ പുലിക്കോട് എന്നിവരും അംഗങ്ങളായ കെ വി ഉണ്ണിക്കൃഷ്ണൻ, ചന്ദ്രൻ മടത്തുവയൽ, ബീന റോബിൻസൺ, വിജയൻ തോട്ടുങ്ങൽ, പുഷ്പ മനോജ്, വൽസല നളിനാക്ഷൻ, സിബിൾ എഡ്വേർഡ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഘടക സ്ഥാപന മേധാവികളും വിവിധ സാമൂഹ്യ പ്രവര്‍ത്തകരും പങ്കെടുത്തു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ബി ലതിക സ്വാഗതവും ഹെഡ് ക്ലർക്ക് എം ജി സുധ നന്ദിയും പറഞ്ഞു.