കൽപ്പറ്റ: യുവജനങ്ങളെയും പിന്നാക്ക വിഭാഗങ്ങളെയും വഞ്ചിക്കുന്ന നിലപാടാണ് ഇടതു സർക്കാർ തുടർന്നു വരുന്നതെന്ന് വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി പി.എച്ച്. ഫൈസൽ അഭിപ്രായപ്പെട്ടു.
ജീവനക്കാരേയും അധ്യാപകരേയും ശത്രുപക്ഷത്ത് നിർത്തിയ ഇടത് സർക്കാറിനെതിരെ അസെറ്റ് (അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ) സംസ്ഥാന വ്യാപകമായി
സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി വയനാട് കലക്റ്ററേറ്റിലേക്ക് നടത്തിയ കുറ്റവിചാരണ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. പാർട്ടി പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും സർക്കാർ ജോലി ഉറപ്പാക്കുന്ന തിരക്കിലാണ് ഇടതു സർക്കാർ. മുൻ കാല ഇടതു സർക്കാരുകളുടേതിൽ നിന്നും വ്യത്യസ്തമായി ജനവിരുദ്ധ നയങ്ങൾ നടപ്പിലാക്കാൻ മത്സരിക്കുകയാണ് പിണറായി സർക്കാരെന്നും അദ്ദേഹം പറഞ്ഞു.
പങ്കാളിത്ത പെൻഷൻ പദ്ധതി പുന:പരിശോധിക്കുമെന്ന് പ്രചരിപ്പിച്ച് അധികാരത്തിൽ കയറിയ ഇടതു സർക്കാർ അഞ്ചുവർഷം കഴിയുമ്പോഴും പരിശോധന തുടർന്നു കൊണ്ടിരിക്കുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ എംപ്ലോയീസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.കെ.ബഷീർ പറഞ്ഞു. സകല സംവരണ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തിയാണ് താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ മേള നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അസെറ്റ് ജില്ല ചെയർമാൻ അബ്ദുൾ റഊഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
കെ.എസ്.ഇ.എം.ജില്ല പ്രസിഡന്റ് അബ്ദുൽ സലാം, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് സെയ്തു കുടുവ , മുനവ്വർ എന്നിവർ അഭിവാദ്യ പ്രഭാഷണം നടത്തി.
ഇ.എച്ച്. ഹനീഫ, നസീം, ജാബിർ കാട്ടിക്കുളം, സിദീഖ് വി.കെ. ഷാകിർ ck, MP അബൂബക്കർ ,റഫീഖ്.കെ, മുഖ്താർ ബി തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
‘വഞ്ചനയുടെ അഞ്ചാണ്ടുകൾ, അധ്യാപകരേയും ജീവനക്കാരേയും ശത്രുപക്ഷത്ത് നിർത്തിയ ഇടത് സർക്കാറിനെതിരെയുള കുറ്റപത്രം’ എന്ന തലക്കെട്ടിൽ ജില്ലാ തലത്തിൽ വ്യാപകമായ പ്രചരണ പരിപാടികളാണ് നടത്തിയത്. കാമ്പയിനിന്റെ ഭാഗമായി കലക്റ്ററേറ്റിലും ജില്ലയിലെ മുഴുവൻ സർക്കാർ ഓഫീസുകളിലും ലഘുലേഖകൾ വിതരണം ചെയ്തു.