ഡയറ്റും വർക്ക് ഔട്ടും ഒക്കെ ചെയ്‌ത് ഭാരം കുറയ്ക്കണം എന്ന് പലർക്കും ആഗ്രഹമുണ്ട്. എന്നാൽ ദിവസവും തിരക്കിട്ടോടുന്നതിനിടയിൽ ഇതിനൊന്നും സമയവും ഇല്ല. ഇങ്ങനെയുള്ളവർ ഭക്ഷണം കഴിക്കുന്നതിൽ അല്പം ശ്രദ്ധ കൊടുത്താൽ വ്യായാമം ചെയ്യാതെതന്നെ ശരീരഭാരം കുറഞ്ഞു കിട്ടും.
ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാം
പൊണ്ണത്തടിക്കുള്ള പ്രധാന കാരണം ഭക്ഷണം അമിതമായി കഴിക്കുന്നതാണ്. വയറു നിറഞ്ഞാലും ഇഷ്ടഭക്ഷണം രുചിയോടെ വീണ്ടും വീണ്ടും കഴിക്കും. ഇത് ഗുരുതരമായ പ്രശ്നങ്ങളിലേക്കു നയിക്കും. ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് ശ്രദ്ധിക്കാം. ഒരുപാട് വാരിവലിച്ചു കഴിക്കാതെ ചെറിയ അളവിൽ ഭക്ഷണം കഴിക്കാം. ഭക്ഷണ നിയന്ത്രണം ഭാരം കുറയ്ക്കുന്നതിൽ പ്രധാനമാണ്.
ഇടയ്ക്കിടെ കഴിക്കേണ്ട
ഇടയ്ക്ക് വിശക്കാം. അപ്പോൾ ഭക്ഷണവും ഇടയ്ക്കിടെ കഴിക്കും. ഈ രീതി നിയന്ത്രിച്ചേ മതിയാകൂ. വിശപ്പ് നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. ഇടയ്ക്കിടെ വെള്ളം കുടിക്കാം. ഡ്രൈ ഫ്രൂട്ട്സോ പഴങ്ങളോ കഴിക്കാം.
കഴിക്കാം നാരുകളടങ്ങിയ ഭക്ഷണം
പ്രോസസ് ചെയ്‌തതും അനാരോഗ്യകരവുമായ ഭക്ഷണങ്ങൾക്കു പകരം നാരുകൾ ധാരാളമടങ്ങിയ ഭക്ഷണം കഴിക്കാം. നാരുകൾ ധാരാളമുള്ള ഭക്ഷണം ദഹനം മെച്ചപ്പെടുത്തുമെന്നു മാത്രമല്ല, ഏറെ നേരം വിശക്കാതെ ഇരിക്കാനും സഹായിക്കും. കാലറി കൂടിയ ഭക്ഷണം കഴിക്കുന്നതിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനും ഇത് സഹായിക്കും.
ധാരാളം വെള്ളം കുടിക്കാം
വെള്ളം ധാരാളം കുടിക്കുന്നതും ശരീരത്തിൽ ജലാംശം നിലനിർത്തുന്നതും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഊർജ്ജസ്വലരായിരിക്കാനും ഉന്മേഷത്തോടെയിരിക്കാനും ഇത് സഹായിക്കും. ഏറെ നേരം വയർ നിറഞ്ഞിരിക്കാനും ധാരാളം വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.
പ്രോട്ടീൻ ഉൾപ്പെടുത്താം
ശരീരഭാരം കുറയ്ക്കാൻ കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, പ്രോട്ടീൻ ഇവയെല്ലാം കുറയ്ക്കണം എന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാൽ ഇവയെല്ലാം ചേർന്ന ഭക്ഷണം കഴിക്കണം എന്നാണ് വിദഗ്‌ധർ പറയുന്നത്. അമിതമുള്ള കാലറി കത്തിച്ചു കളയാനുള്ള ഊർജ്ജം പ്രോട്ടീൻ ധാരാളമടങ്ങിയ ഭക്ഷണത്തിലൂടെ ലഭിക്കും.
ഉറക്കം പ്രധാനം
ശരീരഭാരം കുറയ്ക്കുന്നതിൽ ഉറക്കത്തിന് വലിയ പങ്കുണ്ട്. വിശപ്പിനെയും ദാഹത്തെയും എല്ലാം നിയന്ത്രിക്കുന്ന ഹോർമോണുളെയും സ്‌ട്രെസ് ഹോർമോണുകളെയും എല്ലാം നിയന്ത്രിക്കാൻ ആവശ്യത്തിനുള്ള ഉറക്കം പ്രധാനമാണ്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ ശരീരം കോർട്ടിസോൾ എന്ന ഹോർമോൺ ഉൽപ്പാദിപ്പിക്കുകയും ഇത് ശരീരത്തിൽ കൊഴുപ്പ് നിലനിർത്താൻ കാരണമാകുകയും ചെയ്യും. രാത്രി ആവശ്യത്തിന് ഉറങ്ങേണ്ടത് ശരീരഭാരം കുറയ്ക്കാൻ പ്രധാനമാണ്.