പോഷ് നിയമ വ്യവസ്ഥയിലൂടെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ പി കുഞ്ഞായിഷ. സംസ്ഥാന വനിതാ കമ്മീഷനും വെള്ളമുണ്ട ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച പോഷ് ആക്ട് ജില്ലാ സെമിനാര്‍ ഉദ്ഘാടനം ചെയ്ത്സം സാരിക്കുകയായിരുന്നു അവര്‍. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന വിവിധ തരത്തിലുള്ള അതിക്രമങ്ങള്‍ തടയാനും തൊഴിലിടങ്ങളിലെ മുഴുവന്‍ സ്ത്രീകള്‍ക്കും സുരക്ഷിതത്വ ബോധത്തോടെ ജോലി ചെയ്യാന്‍ അന്തരീക്ഷം സൃഷ്ടിക്കുകയാണ് പോഷ്് ആക്ടിലൂടെ.
തൊഴിലിടങ്ങളില്‍ രൂപീകരിച്ച ഇന്റേണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കുകയാണ് ഇന്റേണല്‍ കമ്മിറ്റി സംവിധാനത്തിലൂടെ. ഓരോ സ്ഥാപനത്തിനും ഇന്റേണല്‍ പരാതി കമ്മിറ്റിയും (ഐ.സി.സി) പരാതികള്‍ കൈകാര്യം ചെയ്യാന്‍ ജില്ലാടിസ്ഥാനത്തില്‍ പ്രാദേശിക പരാതി കമ്മിറ്റിയും (എല്‍.സി.സി) പ്രവര്‍ത്തിക്കും. എല്ലാ കമ്മിറ്റികളിലും 50 ശതമാനം സ്ത്രീ പ്രാതിനിധ്യവും ഉറപ്പാക്കിയാണ് രൂപീകരിക്കുന്നത്. കമ്മിറ്റിയിലെ അംഗങ്ങക്ക് മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ പദവിയില്‍ തുടരാന്‍ പാടില്ല. തൊഴിലിടങ്ങളില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് പരാതി നല്‍കാന്‍ പൊതുസംവിധാനവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച് ജില്ലാ സെമിനാറില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധീ രാധാകൃഷ്ണന്‍ അധ്യക്ഷയായി. അഡ്വ വി.എം സിസിലി പോഷ് ആക്ട് സംബന്ധിച്ച് ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. കല്യാണി, ബാലന്‍ വെള്ളരിമ്മല്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇ. കെ സല്‍മത്ത്, സി.എം അനില്‍കുമാര്‍, പി. അസീസ്, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ബിന്ദു ഭായ്, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്‍.പി ഗീത, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സി. എന്‍ സജ്‌ന, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, അധ്യാപകര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, ആനിമേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.