തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ ഓണപ്പരീക്ഷ ഇത്തവണ ഉണ്ടാകില്ല. ക്രിസ്തുമസ് പരീക്ഷയും നടത്തേണ്ടെന്ന ആലോചനയിലാണ് വിദ്യാഭ്യാസ വകുപ്പ്. ഇതടക്കമുള്ള നിർദേശങ്ങൾ ഉൾക്കൊള്ളിച്ച് അക്കാദമിക കലണ്ടർ പുനഃക്രമീകരിക്കാൻ ശുപാർശ നൽകാൻ എസ്.സി.ഇ.ആർ.ടി. ഡയറക്ടറെ ചുമതലപ്പെടുത്തിയതായി പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ പറഞ്ഞു. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം.
മാർച്ചിൽ അക്കാദമികവർഷം അവസാനിപ്പിക്കുന്നതിനു പകരം ഏപ്രിൽ, മേയ് മാസങ്ങളിലേക്കുകൂടി ദീർഘിപ്പിക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. നിലവിൽ നടന്നുവരുന്ന ഓൺലൈൻ പഠനം കരിക്കുലം കമ്മിറ്റി യോഗം വിലയിരുത്തി. മുതിർന്ന ക്ലാസുകളിൽ മാത്രമാണ് ദിവസേന രണ്ടുമണിക്കൂർ ക്ലാസ് നടക്കുന്നത്. താഴ്ന്ന ക്ലാസുകളിൽ അരമണിക്കൂറേ അധ്യാപനമുള്ളൂ. 20 ശതമാനം പാഠഭാഗമാണ് നിലവിൽ പഠിപ്പിച്ചിരിക്കുന്നത്.
ഡിസംബർ വരെ സ്കൂൾ തുറക്കാൻ കഴിയില്ലെന്ന വിലയിരുത്തലാണ് സർക്കാരിനുള്ളത്. തുറന്നാൽ പിന്നീട് അവധി നൽകാതെ എല്ലാദിവസവും ക്ലാസ് നടത്തേണ്ടിവരും. മേയിൽ വാർഷിക പരീക്ഷ നടത്തിയാൽ മതിയെന്ന നിർദേശവും ഉയർന്നു.
പാഠഭാഗം കുറച്ചുകൊടുക്കേണ്ടെന്ന നിലപാടാണ് സർക്കാരിനുള്ളത്. ഓരോ പ്രായത്തിലും വിദ്യാർഥി പഠിച്ചിരിക്കേണ്ട കാര്യങ്ങളാണ് സിലബസിലുള്ളത്. അതിൽ വെള്ളംചേർക്കാനാകില്ല. ആവശ്യമെന്നു കണ്ടാൽ പരീക്ഷയ്ക്ക് നിശ്ചിതഭാഗം ഒഴിവാക്കുന്നത് പിന്നീട് പരിഗണിക്കും.