കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി ശനി, ഞായര്‍(ഏപ്രില്‍ 24,25) ജില്ലയിലും കര്‍ശന പരിശോധനയും നിരീക്ഷണവും ഏര്‍പ്പെടുത്തി. ഈ ദിവസങ്ങളില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അത്യാവശ്യ,അടിയന്തര സേവനങ്ങള്‍ മാത്രമേ ഈ ദിവസങ്ങളില്‍ അനുവദിക്കുകയുള്ളൂ. അവശ്യ സേവനങ്ങള്‍ നല്‍കുന്ന വ്യാപാര സ്ഥാപന ങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. അവശ്യ സര്‍വ്വീസില്‍പ്പെട്ടവര്‍ക്ക് ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഐഡി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. നിയന്ത്രണങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നിയന്ത്രണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന കാര്യങ്ങള്‍,
· കോവിഡ് പ്രതിരോധം, മാനേജ്മെന്റ് എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നതോ അത്യാവശ്യ, അടിയന്തര സേവനങ്ങള്‍ നല്‍കുന്നതോ ആയ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. അവിടത്തെ ജീവനക്കാര്‍ക്ക് യാത്രാ നിയന്ത്രണം ഉണ്ടായിരിക്കില്ല.
· അവശ്യ, അടിയന്തര സേവനങ്ങള്‍ നല്‍കുന്നതും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങളും കമ്പനികളും പ്രവര്‍ത്തിക്കും. ഇവയിലെ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് യാത്ര ചെയ്യാം
· ടെലികോം സേവനങ്ങളും ഇന്റര്‍നെറ്റ് സേവന ജീവനക്കാരെയും വിലക്കില്ല. ജോലിക്ക് പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കാണിക്കണം.
· ഭക്ഷ്യവസ്തുക്കള്‍, പലചരക്ക്, പച്ചക്കറി, പഴങ്ങള്‍, മത്സ്യം, മാംസം തുടങ്ങിയവ വില്‍ക്കുന്ന പ്രാദേശിക കടകളെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. പരമാവധി ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം.
· റെസ്റ്റോറന്റുകള്‍, ഭക്ഷണശാലകള്‍ എന്നിവയില്‍ ഭക്ഷണം വിളമ്പുന്നത് അനുവദിക്കില്ല.
· അടിയന്തിര യാത്രക്കാര്‍, രോഗികള്‍, പ്രതിരോധ കുത്തിവയ്പ് എടുക്കാന്‍ പോകുന്ന ഒരാള്‍ തിരിച്ചറിയല്‍ രേഖകള്‍ കാണിക്കണം. തിരഞ്ഞെടുപ്പ്, പരീക്ഷ, കൊവിഡ് അനുബന്ധ ചുമതലകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് യാത്രാ വിലക്ക് ഇല്ല.
· പൊതുഗതാഗത, ചരക്ക് വാഹനങ്ങള്‍ ഉണ്ടാകും. ദീര്‍ഘദൂര ബസ്, ട്രെയിന്‍, എയര്‍ ട്രാവല്‍ യാത്രക്കാരുമായി പോകുന്ന സ്വകാര്യ വാഹനങ്ങള്‍ക്കും ടാക്‌സികള്‍ക്കും വിലക്കില്ല. അവര്‍ യാത്രാ രേഖകള്‍ കാണിക്കണം.
· മുന്‍കൂട്ടി ക്രമീകരിച്ച കല്യാണം, പാല് കാച്ച് തുടങ്ങിയ ചടങ്ങുകള്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.അനുവദീയമായ എണ്ണം ആളുകള്‍ മാത്രമേ പങ്കെടുക്കാവൂ.
· 24 ന് നിശ്ചയിച്ചിരിക്കുന്ന ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.
· സര്‍ക്കാര്‍ ഓഫീസുകള്‍,ബാങ്കുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ശനിയാഴ്ച്ച (24) അവധി ആയിരിക്കും.