കോവിഡ് ബാധിതർ അടക്കമുള്ളവരുടെ മരണനിരക്ക് കൂടിയതോടെ തിരുവനന്തപുരം ജില്ലയിലെ ശ്മശാനങ്ങളിൽ ശവസംസ്കാരത്തിന് ഉള്ള സൗകര്യങ്ങൾ അപര്യാപ്തമാകുന്നു.ബുക്ക് ചെയ്ത ശേഷവും ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.ഇതോടെ തിരുവനന്തപുരം നഗരത്തിലെ തൈക്കാട് വിറക് ശ്മശാനത്തിൽ കൂടി കോവിഡ് മൃതദേഹങ്ങൾ സംസ്കരിക്കാൻ അധികൃതർ നിർദേശം നൽകി.
മാറനല്ലൂർ പഞ്ചായത്തിലെ ശ്മശാനത്തിലെത്തുന്നതിൽ പകുതി മൃതദേഹങ്ങൾ മാത്രമാണ് ഒരു ദിവസം സംസ്കരിക്കാൻ ആവുന്നത്. ആറ്റിങ്ങൽ, നെടുമങ്ങാട് തുടങ്ങിയ മറ്റ് ശ്മശാനങ്ങളിൽ സംസ്കരിക്കുന്ന മൃതദേഹങ്ങളുടെ എണ്ണത്തിൽ വർധന ഉണ്ടെങ്കിലും അത് പ്രവർത്തനത്തെ ബാധിച്ചിട്ടില്ല.
തൈക്കാട് രണ്ട് ഇലക്ട്രിക് ഫർണസുകളും പുതുതായി നിർമ്മിച്ച രണ്ട് ഗ്യാസ് ഫർണസുകളുമാണ് ഉള്ളത്. കഴിഞ്ഞ കുറെ ആഴ്ചകളായി ഇവ ഉപയോഗിക്കുന്നത് കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ മാത്രമാണ്.നാല് വിറകുചിതകളിലാണ് മറ്റുള്ളവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നത്. ബുധനാഴ്ച 23 മൃതദേഹങ്ങൾ സംസ്കരിക്കുകയും വ്യാഴാഴ്ചത്തേക്ക് ഉള്ള ബുക്കിംഗ് നടത്തുകയും ചെയ്തു. ഇതോടെ കോവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കാൻ വിറക്ചിതകൾ ഉപയോഗിക്കും.
പ്രതിദിനം 20 മൃതദേഹങ്ങളാണ് തൈക്കാട് ശ്മശാനത്തിൽ സംസ്കരിക്കുന്നത്. തുടർച്ചയായ ഉപയോഗം മൂലം പുതിയ ഒരു ഗ്യാസ് ഫർണസ് അടക്കം രണ്ടെണ്ണത്തിന്റെ പ്രവർത്തനം മന്ദഗതിയിലായി. ഈ സ്ഥിതി തുടരുകയാണെങ്കിൽ ഇത് കേടു വരാനും സാധ്യതയുണ്ട് എന്ന് അധികൃതർ പറയുന്നു.