പെരുന്നാൾ നമസ്കാരം വീടുകളിൽ തന്നെ നിർവഹിച്ച് വ്രതകാലത്ത് കാണിച്ച കരുതൽ പെരുന്നാൾ ദിനത്തിലും കാത്തുസൂക്ഷിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരുന്നാളിനോട് അനുബന്ധിച്ച് ഇറച്ചിക്കടകൾക്ക് രാത്രി 10 മണിവരെ പ്രവർത്തിക്കാനുളള അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഹോം ഡെലിവറി നടത്താനുളള അനുവാദമാണ് നൽകിയിരിക്കുന്നത്.
ഒത്തുചേരലുകളും സന്തോഷം പങ്കുവെക്കലുകളും ഏതൊരു ആഘോഷവേളകളെയും പോലെ പെരുന്നാളിനും പ്രധാനമാണ്. എന്നാൽ കൂട്ടംചേരലുകൾ നമ്മെ അപകടത്തിലാക്കുന്ന കാലത്ത് ആഘോഷങ്ങൾ കുടുംബത്തിൽ തന്നെയാകണം. പെരുന്നാൾ നമസ്കാരം വീടുകളിൽ തന്നെ നിർവഹിച്ച് വ്രതകാലത്ത് കാണിച്ച കരുതൽ പെരുന്നാൾ ദിനത്തിലും കാത്തുസൂക്ഷിക്കാൻ എല്ലാവരും തയ്യാറാകണം. റമദാൻ മാസക്കാലത്ത് കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പാലിച്ചുകൊണ്ടുളള വ്രതാനുഷ്ഠാനങ്ങളും പ്രാർഥനകളുമാണ് നടന്നത്. എല്ലാവർക്കും മുഖ്യമന്ത്രി ചെറിയ പെരുന്നാൾ ആശംസകൾ നേരുകയും ചെയ്തു.