തരിയോട്: മൈക്രോ ആര്‍ട്ടായ പെന്‍സില്‍ കാര്‍വിങ്ങില്‍ ഏഷ്യന്‍ റെക്കോര്‍ഡിന് ഉടമയായിരിക്കുകയാണ് വയനാട് തരിയോട് സ്വദേശിയും വിദ്യാര്‍ത്ഥിയുമായ ജിത്തു ചെറിയാന്‍. 48 ഏഷ്യന്‍ രാജ്യങ്ങളുടെയും അതിന്‍റെ തലസ്ഥാനങ്ങളുടെയും പേരുകള്‍ മൈക്രോ ആര്‍ട്ടിലൂടെ പെന്‍സിലില്‍ കൊത്തിയെടുത്താണ് ജിത്തു ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയത്. ഇതോടൊപ്പം തന്നെ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇടം നേടിയിട്ടുണ്ട്.
തന്‍റെ സുഹൃത്ത് ജന്മദിനത്തില്‍ നല്‍കിയ ഒരു മൈക്രോ ആര്‍ട്ടില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ജിത്തു ഈ മേഖലയിലേക്ക് തിരിഞ്ഞത്. പെന്‍സില്‍ കാര്‍വിങ് കഠിന പ്രയത്നത്തിലൂടെ സ്വായത്തമാക്കിയ ഈ മിടുക്കന്‍ പതിനാലര മണിക്കൂര്‍ സമയമെടുത്താണ് റെക്കോര്‍ഡിന് കാരണമായ സൃഷ്ടികള്‍ തയ്യാറാക്കിയത്. വ്യത്യസ്തമായ മേഖല തിരഞ്ഞെടുത്ത് ഈ റെക്കോര്‍ഡിന് നിഷ്കര്‍ഷിച്ച കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് സമയ ബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയാണ് ഈ അംഗീകാരം നേടിയത്.
ചിത്ര രചനക്ക് ഉപയോഗിക്കുന്ന 10B പെന്‍സിലിലാണ് ഏറെ ഏകാഗ്രതയോടെ ചെയ്യേണ്ടുന്ന ഈ സൃഷ്ടികള്‍ ഒരുക്കുന്നത്. ആവശ്യക്കാര്‍ക്ക് അവരുടെ പേരും ചിഹ്നങ്ങളുമൊക്കെ പെന്‍സില്‍ കാര്‍വിങ്ങില്‍ ചെയ്ത് കൊടുത്ത് പഠനത്തോടൊപ്പം ഒരു തൊഴിലായി വരുമാനവും കണ്ടെത്തുന്നു ജിത്തു ചെറിയാന്‍. വിവാഹം, ജന്മദിനം, പ്രണയം തുടങ്ങിയവക്കുള്ള സമ്മാനമായി നല്ല ഓര്‍ഡര്‍ ലഭിക്കുന്നുണ്ടെന്നും കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണ ഈ കലയില്‍ വലിയ പ്രചോദനമായെന്നും ജിത്തു പറഞ്ഞു.
തരിയോട് അറക്കപ്പറമ്പില്‍ ചെറിയാന്‍ ഡെസ്സി ദമ്പതികളുടെ മകനാണ് ബത്തേരി അല്‍ഫോന്‍സ കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ ജിത്തു. സഹോദരര്‍ ജിതിന്‍ ചെറിയാന്‍, സോന ചെറിയാന്‍..