ലോക് ഡൗണിലും കണ്ടെയ്ൻമെന്റ് സോണിലുമെല്ലാം ഇളവ് നല്‍കിയിട്ടും വ്യാപാര മേഖലയില്‍ വലിയ മരവിപ്പാണ് ഉണ്ടായത്. കച്ചവടം ഗണ്യമായി കുറഞ്ഞതോടെ പലരും വലിയ പ്രതിസന്ധിയിലായിരുന്നു.
ഓണത്തിന് മുന്‍പ് വരെ 7 മണി വരെ മാത്രം തുറന്ന് പ്രവര്‍ത്തിക്കാമായിരുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് സെപ്തംബര്‍ 2 വരെ 9 മണി വരെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പിന്നീട് 7 മണിയിലേക്ക് സമയക്രമം മാറുകയും ചെയ്തിരുന്നു. എന്നാൽ ബന്ധപ്പെട്ട അധികൃതരുമായി വ്യാപാരി നേതാക്കൾ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ജില്ലയിൽ കണ്ടെയ്ൻമെന്റ് ഒഴികെയുള്ള സ്ഥലങ്ങളിൽ രാത്രി 9 മണി വരെ കടകൾ തുറന്ന് പ്രവർത്തിക്കാമെന്ന് ജില്ലാ ജില്ലാ കളക്ടർ ഉത്തരവിട്ടത് കോവിഡിൻ്റെ പശ്ചാത്തലത്തില്‍ വ്യാപാര മേഖലയിലുണ്ടായ പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസമായി.
ഇളവുകള്‍ നല്‍കിയ ആദ്യ ഘട്ടത്തില്‍ തീര്‍ത്തും ആളനക്കം ഇല്ലാതെ നിശ്ചലാവസ്ഥയിലായിരുന്നു വ്യാപാര മേഖല. എന്നാല്‍ ബസുകളും, ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയതോടെ പച്ചപിടിക്കും എന്ന പ്രതീക്ഷയിലായിരുന്നു വ്യാപാരികള്‍. ദിവസം 10000 രൂപയോളം വില്‍പനയുണ്ടായിരുന്ന ചെറിയ സ്ഥാപനങ്ങളില്‍ വരെ ഇപ്പോഴുള്ള വിറ്റ് വരവ് 2000 രൂപയോളം മാത്രമാണ്. പലരും വാടക കൊടുക്കുവാന്‍ പോലും നന്നേ ബുദ്ധിമുട്ടുകയാണ്.