2020 വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കിയിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പരീക്ഷാഭവനാണ് ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. കേരള സംസ്ഥാന ഐ ടി മിഷൻ, ഇ- മിഷൻ, ദേശീയ ഇ-ഗവേണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാവുന്നതാണ്.
നമുക്കാവശ്യമായ എല്ലാ രേഖകളും സുരക്ഷിതമായി ഇ- രേഖകളായി സൂക്ഷിക്കുവാനുള്ള സംവിധാനമാണ് ഡിജിലോക്കർ. http://digilocker.gov.in എന്ന വെബ്സൈറ്റിലൂടെ മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കാവുന്നതാണ്. ആദ്യമായി രജിസ്റ്റർചെയ്യാൻ മുകളിൽ പ്രതിപാദിച്ച വെബ്സൈറ്റിൽ കയറി Sign up എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ കൊടുക്കണം. ഈ മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒറ്റത്തവണ പാസ്സ്‌വേർഡ്(OTP) കൊടുത്തശേഷം തുടർന്ന് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന യൂസർനെയിമും പാസ്‌വേർഡും നൽകണം. അതിനു ശേഷം ആധാർ നമ്പർ ഇതിലേക്ക് ലിങ്ക് ചെയ്യണം എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജിലോക്കർ ലഭ്യമാക്കുന്നതിനായി ഡിജിലോക്കർ ലോഗിൻ ചെയ്തശേഷം “Get more now” എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. Education എന്ന സെക്ഷനിൽ നിന്ന് ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ കേരളം തിരഞ്ഞെടുക്കുക. തുടർന്ന് “Class X School Leaving Certificate” സെലക്ട് ചെയ്യുകയും തുടർന്ന് രജിസ്റ്റർ നമ്പറും വർഷവും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാർഗ്ഗ നിർദ്ദേശമനുസരിച്ച് ചെയ്താൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതാണ്.
ഡിജിലോക്കർ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സംസ്ഥാന ഐ ടി മിഷൻ സിറ്റിസൺ കാൾ സെൻ്റ്റിലെ 1800-4251-1800(ടോൾ ഫ്രീ), 0471-2335523 എന്നീ ഫോൺ നമ്പറുകളിൽ വിളിക്കാവുന്നതാണ്.