കൽപ്പറ്റ: കൽപ്പറ്റ ജനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഉപവാസ സമരത്തിന്റെ മൂന്നാംദിനത്തിൽ കളത്തുവയൽ,ചൂരൽമല പ്രദേശവാസികൾ സമരത്തിന് നേതൃത്വം നൽകി. മാനന്തവാടി രൂപത മിഷൻ ലീഗ് മുൻ രൂപത പ്രസിഡന്റ് ഷൈജു മഠത്തിൽ ആമുഖപ്രഭാഷണം നടത്തി. കർഷകന്റെ അസംഘടിത അവസ്ഥയെ മുതലെടുക്കുവാനുള്ള സർക്കാർ- ഉദ്യോഗസ്ഥ സംഘടിത നീക്കങ്ങളെ ചെറുത്തു തോൽപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കർഷകനെതിരെയുള്ള കരിനിയമങ്ങൾക്കെതിരെ തക്കസമയത്ത് പ്രതികരിച്ചില്ലെങ്കിൽ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ താലൂക്കിന്റെ ഇന്നത്തെ ദയനീയ അവസ്ഥയിലേക്ക് വയനാടും എത്തിച്ചേരുമെന്ന് ഉദ്ഘാടനപ്രസംഗത്തിൽ കളത്തുവയൽ പള്ളി വികാരി ഫാ.ജെയിംസ് ചെമ്പക്കര മുന്നറിയിപ്പ് നൽകി.
പുൽപ്പള്ളി മേഖല ജനസംരക്ഷണ സമിതിയെ പ്രതിനിധീകരിച്ച് ഫാ ജോസ് കൊട്ടാരത്തിന്റെ നേതൃത്വത്തിൽ യുവജനങ്ങൾ സമരത്തിന് അഭിവാദനം അർപ്പിച്ചു. തരിയോട് മേഖല കെ സി വൈ എം പ്രസിഡന്റ് അഭിനന്ദ് കൊച്ചുമലയുടെ നേതൃത്വത്തിൽ സമരത്തിന് പിന്തുണയർപ്പിച്ചു. മാനന്തവാടി രൂപത കത്തോലിക്കാ കോൺഗ്രസ് പ്രവർത്തകർ ശ്രീ വർക്കി നിരപ്പേലിന്റെ നേതൃത്വത്തിൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വിജി നെല്ലികുന്നേൽ, ശ്രീ ഫെബിൻ കാക്കോനാൽ എന്നിവർ പ്രസംഗിച്ചു. നാളത്തെ സമരത്തിന് കൊളവയൽ, ലക്കിടി നിവാസികൾ നേതൃത്വം നൽകുമെന്നും തുടർദിവസങ്ങളിൽ ശക്തമായ സമരത്തിന് കൽപ്പറ്റ സാക്ഷ്യംവഹിക്കുമെന്നും ജനസംരക്ഷണസമിതി ഭാരവാഹികൾ അറിയിച്ചു.