സംസ്ഥാനത്ത് അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന കൊടികളും ബാനറുകളും ബോർഡുകളും നീക്കം ചെയ്യുന്നതിനു നടപടിയെടുക്കാനായി തദ്ദേശ സ്ഥാപന തലത്തിൽ പ്രാദേശിക സമിതിയും മേൽനോട്ടത്തിനായി ജില്ലാ തലത്തിൽ നിരീക്ഷണ സമിതിയും രൂപീകരിക്കാൻ ഹൈക്കോടതി നിർദേശിച്ചു. 7 ദിവസത്തിനുള്ളിൽ സമിതികൾ രൂപീകരിക്കാനാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകിയത്. തദ്ദേശഭരണ സെക്രട്ടറി നടപടിയെടുത്ത് അറിയിക്കാനും കോടതി നിർദേശിച്ചു.
നിലവിലുള്ള അനധികൃത കൊടികൾക്കും ബോർഡുകൾക്കും തോരണങ്ങൾക്കുമെതിരെ സമിതി രൂപീകരിക്കുന്നതു കാത്തിരിക്കാതെ ഉടൻ നടപടിയെടുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്കു നിർദേശം നൽകിയ കോടതി വേണ്ട സഹായം ചെയ്യാൻ പൊലീസിനും നിർദേശം നൽകി. കൊടിതോരണങ്ങളും ബാനറുകളും സ്ഥാപിക്കുന്നതിനെതിരെയുള്ള ഒരു കൂട്ടം ഹർജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഹർജികൾ 15നു വീണ്ടും പരിഗണിക്കും.