കോട്ടത്തറ : കോട്ടത്തറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ നോട് അനുബന്ധിച്ചുള്ള പ്രീപ്രൈമറിയെ മോഡൽ പ്രീപ്രൈമറി ആയി ഉയർത്തി എസ്. എസ്.കെ. ഫണ്ട് ഉപയോഗിച്ചുള്ള നവീകരണ പ്രവർത്തികൾ
കൽപ്പറ്റ നിയോജക മണ്ഡലം എംഎൽഎ ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.സാമൂഹിക ജീവിതത്തിന് ഉതകുകയും അതിലൂടെ സമഗ്ര പുരോഗതി കൈവരിക്കുകയും ചെയ്യുന്ന യാഥാർത്ഥ്യം ബോധത്തോടെയുള്ള വിദ്യാഭ്യാസ രീതിയാണ് കേരളം കാംക്ഷിക്കുന്നതെന്നും അതിൻ്റെ അടിത്തറ പ്രീപ്രൈമറി ക്ലാസ്സുകളിൽ നിന്ന് തന്നെ തുടങ്ങണം എന്നും എം.എൽ.എ. പറഞ്ഞു.
പൂമ്പാറ്റ പോലുള്ള പിഞ്ചോമനകൾക്ക് പറന്നുകളിക്കാനായി
മികച്ച സൗകര്യങ്ങൾ തന്നെയാണ് കോട്ടത്തറ മോഡൽ പ്രീ പ്രൈമറിയിൽ ഒരുക്കിയിരിക്കുന്നതെന്നും ഈ നാടിൻ്റെ പുരോഗതിക്ക് മുതൽകൂട്ടായി ഈ വിദ്യാലയം മാറുമെന്നും അദ്ദേഹം ആശംസിച്ചു.
കൊച്ചുകുട്ടികൾക്കായി ഡിജിറ്റൽ തിയേറ്റർ , കളിക്കാനായി അത്യന്താധുനിക സൗകര്യങ്ങളോടുകൂടിയ പാർക്ക്, ഭക്ഷണം കഴിക്കുന്നതിനു വേണ്ടി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഭക്ഷണമുറി ,മികച്ച കളിസ്ഥലം ,വിശാലമായ ക്ലാസ് റൂമുകൾ ,
ചുമരുകൾ തോറും വിദ്യാർഥികളെ ആനന്ദകരമാക്കുന്ന വർണ്ണ ചിത്രങ്ങൾ തുടങ്ങി ആരേയും വിസ്മയിപ്പിക്കുന്ന ഒട്ടനവധി മാറ്റങ്ങളുമായിട്ടാണ് കോട്ടത്തറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രീ പ്രൈമറി വിഭാഗം ഒരുങ്ങിയിരിക്കുന്നത്.
ഈ വിദ്യാലയത്തിന് വിസ്മയാവഹമായ മാറ്റം കൈവരിക്കുന്നതിന് കാരണക്കാരായ പി.ടിഎ ഭാരവാഹികളേയും അധ്യാപകരെയും എംഎൽഎ പ്രത്യേകം അഭിനന്ദിച്ചു.
കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.റനീഷ് അധ്യക്ഷനായി
പി ടി എ പ്രസിഡണ്ട് കെ. കെ. മുഹമ്മദലി സ്വാഗതം പറഞ്ഞു . സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് കെ.അഷ്റഫ് ,എച്ച്.എം. എം .സൽമ , എസ്.എസ്.കെ.ഡി.പി.സി. അനിൽകുമാർ,
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി .കെ .അബ്ദുറഹ്മാൻ, പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ.പി.കെ.മൊയ്തു തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു…