ഖത്തര്‍ ലോകകപ്പില്‍ ബ്രസീലിനെതിരേ ഗോളടിച്ച കാമറൂണ്‍ താരം വിന്‍സെന്റ് അബൂബക്കര്‍ കേരളത്തില്‍ സെവന്‍സ് കളിച്ചുവെന്ന വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിമിഷനേരത്തിനുള്ളില്‍ പ്രചരിച്ചിരുന്നു. ബ്രസീല്‍ വിരുദ്ധ ആരാധകര്‍ ട്രോളുകളായി തുടങ്ങിയ ഈ ചര്‍ച്ച പിന്നീട് സത്യമാണെന്ന രീതിയില്‍ പ്രചരിക്കുകയായിരുന്നു.
2018 റഷ്യന്‍ ലോകകപ്പിലും ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. 2018-ലെ ലോകപ്പില്‍ ഐസ്‌ലന്‍ഡിനെതിരായ മത്സരത്തില്‍ നൈജീരയക്കായി ഗോള്‍ നേടിയ അഹ്‌മദ് മൂസയായിരുന്നു അന്നത്തെ കഥാനായകന്‍. പ്രധാന സെവന്‍സ് ക്ലബ്ബുകളില്‍ ഒന്നായ അല്‍മദീന ചെര്‍പുളശ്ശേയുടെ താരമാണ് മൂസ എന്നായിരുന്നു പ്രചാരണം. കൊളത്തൂര്‍ നാഷണല്‍ ക്ലബ്ബ് ടൂര്‍ണമെന്റിലാണ് അല്‍മദീനയ്ക്കായി മൂസ ബൂട്ടു കെട്ടിയതെന്നും വാര്‍ത്ത വന്നു. ഇതിന് പിന്നാലെ അല്‍ മദീന ചെര്‍പുളശ്ശേരി വിശദീകണ കുറിപ്പും ഇറക്കി.
2018-ല്‍ അര്‍ജന്റീന ഗ്രൂപ്പ് ഘട്ടത്തില്‍തന്നെ പുറത്താകാതെ രക്ഷപ്പെട്ടതില്‍ നൈജീരയയുടെ ഈ വിജയത്തിന് പ്രധാന പങ്കുണ്ടായിരുന്നു. അര്‍ജന്റീനയേയും മെസ്സിയേയും രക്ഷിച്ച മൂസ കേരളത്തില്‍ വന്ന് കളിച്ചിട്ടുണ്ടെന്ന തരത്തിലായിരുന്നു അന്ന് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. 2018-ല്‍ ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റ അര്‍ജന്റീന ഐസ്‌ലന്‍ഡുമായി 1-1ന് സമനിലയില്‍ പിരിഞ്ഞിരുന്നു. നൈജീരിയയെ 2-1ന് തോല്‍പ്പിക്കുകയും ചെയ്തു. ക്രൊയേഷ്യയും അര്‍ജന്റീനയും അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുകയും ചെയ്തു.