അജ്‍മാന്‍: യുഎഇയിലെ അജ്‍മാനില്‍ വന്‍ തീപിടുത്തം. വെള്ളിയാഴ്ച പുലര്‍ച്ചെ ഉണ്ടായ തീപിടുത്തത്തില്‍ നിരവധി കെട്ടിടങ്ങളും വാഹനങ്ങളും കത്തിനശിച്ചു. നാല് എമിറേറ്റുകളില്‍ നിന്നുള്ള അഗ്നിശമന സേനകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. എന്നാല്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പുലര്‍ച്ചെ 3.30ഓടെ അജ്‍മാന്‍ ഇന്‍ഡസ്‍ട്രിയല്‍ ഏരിയയിലുള്ള ഒരു ഓയില്‍ ഫാക്ടറിയില്‍ നിന്ന് തീപടരുകയായിരുന്നുവെന്ന് അജ്‍മാന്‍ പൊലീസ് അറിയിച്ചു. വളരെ വേഗം പരിസരത്തേക്ക് തീ പടര്‍ന്നു പിടിച്ചു. ആളുകള്‍ താമസിച്ചിരുന്ന ഒരു കെട്ടിടവും ഒരു പ്രിന്റിങ് പ്രസും ഏതാനും വെയര്‍ഹൗസുകളും നിരവധി കാറുകളും അഗ്നിക്കിരയായി. അജ്‍മാന്‍ സിവില്‍ ഡിഫന്‍സിലെ അഗ്നിശമന സേനയ്‍ക്ക് പുറമെ ദുബൈ, ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളില്‍ നിന്നു കൂടി അഗ്നിശമന സേനാ വാഹനങ്ങള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
തീ പിടുത്തത്തിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും അജ്‍മാന്‍ പൊലീസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. പ്രദേശം മുഴുവാനായി തീ പടര്‍ന്നുപിടിക്കുന്നതും പുക നിറഞ്ഞിരിക്കുന്നതും അഗ്നിശമന സേനാ അംഗങ്ങള്‍ തീ കെടുത്താന്‍ നടത്തുന്ന ശ്രമങ്ങളുമെല്ലാം വീഡിയോ ദൃശ്യങ്ങളിലുണ്ട്. കത്തിയമര്‍ന്ന കെട്ടിടങ്ങളും ഒരു ഡസനിലേറെ കാറുകളും പൊലീസ് പുറത്തുവിട്ട ചിത്രങ്ങളില്‍ കാണാം.