ഒരുപതിറ്റാണ്ടിലേറെ പ്രവാസികളായ റിജേഷും ജിഷിയും 11 വർഷം മുമ്പാണ് വിവാഹിതരായത്. മക്കളില്ലാത്ത ഇവർ വീടെന്ന സ്വപ്നം പൂർത്തീകരിച്ചത് അടുത്തിടെയാണ്. ചെറിയ മിനുക്കുപണികൾക്കുശേഷം വിഷുവിന് ഗൃഹപ്രവേശം നടത്താനുള്ള ഒരുക്കത്തിലായിരുന്നു.
വിഷു സന്തോഷങ്ങളറിയിക്കാന്‍ മരിക്കുന്നതിന് മുമ്പ് ഇവര്‍ പിതാവ് ചന്തുവിന് വിളിച്ചിരുന്നു. റിജേഷ് പണിയുന്ന വീടിന്റെ അവസാന ഘട്ട പണികള്‍ നടക്കുന്നത് വീഡിയോ കോള്‍ വഴി കാണുകയും പണി തീര്‍ന്ന ഉടന്‍ പുതിയ വീടിലേക്ക് കയറാന്‍ വരുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
നേരത്തെ വിഷുവിന് മുമ്പ് വീടില്‍ കയറാനാണ് തീരുമാനിച്ചിരുന്നത്. പണി പൂര്‍ണ്ണമാവാത്തത് കാരണം നാട്ടില്‍ വരുന്നത് നീട്ടുകയായിരുന്നു.
വിഷുദിനത്തില്‍ റിജേഷിന്റെ ദുബൈയിലെ മുറിയില്‍ ദുബായിലെ ബന്ധുക്കള്‍ ഒത്തുകൂടി വിഷു ആഘോഷിക്കണമെന്ന് കരുതിയിരുന്നു. എന്നാല്‍ പലര്‍ക്കും അവധി ലഭിക്കാത്തതിനാല്‍ ഒത്തുകൂടല്‍ ഉപേക്ഷിക്കുകയായിരുന്നു. റിജേഷും ജിഷിയും ഭക്ഷണം കഴിച്ച ശേഷം വിശ്രമിക്കുമ്പോഴാണ് അപകടം നടന്നത്.
മുകളിലത്തെ ഫ്‌ലാറ്റില്‍ ആണ് തീ പിടിച്ചത്. അടുത്ത മുറിയിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് റിജേഷിന്റെ മുറിയിലേക്ക് പുകപടരുകയായിരുന്നു. പുക ശ്വസിച്ചാണ് ഇരുവരും മരിച്ചത്.
സെപ്റ്റംബറിലാണ് ബന്ധുവിന്‍റെ വിവാഹത്തിനായി നാട്ടിൽ പോയി മടങ്ങിയെത്തിയത്. ഏവർക്കും പ്രിയപ്പെട്ടവനായിരുന്നു റിജേഷെന്ന് പിതൃസഹോദര പുത്രനും ദുബൈയിൽ പ്രവാസിയുമായ വിബീഷ് പറയുന്നു.
അടുത്തിടെകൂടി കണ്ട വിബീഷിന്‍റെ മരണത്തിന്‍റെ ഞെട്ടലിൽനിന്ന് വിബീഷ് ഇപ്പോഴും മോചിതനായിട്ടില്ല. കോൺഗ്രസിന്‍റെ പ്രവാസി സംഘടനയായ ഇൻകാസിന്‍റെ സജീവ പ്രവർത്തകനായിരുന്നു.
പാർട്ടി കുടുംബത്തിൽനിന്ന് വന്ന റിജേഷ് സാമൂഹിക സേവനങ്ങളിലും രംഗത്തുണ്ടായിരുന്നു. രാഹുൽ ഗാന്ധി ദുബൈയിൽ എത്തിയപ്പോൾ ജിഷിയുമൊത്ത് ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിലിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
ഈ പരിപാടിയിലേക്ക് പ്രവർത്തകരെ എത്തിക്കുന്നതിലും സജീവപങ്കാളിത്തം വഹിച്ചു. ദേരയിലെ ഡ്രീംലൈൻ ട്രാവൽസിലെ ജീവനക്കാർക്കും അടുത്തുള്ള സ്ഥാപനങ്ങളിലുള്ളവർക്കും റിജേഷിനെക്കുറിച്ച് നല്ലത് മാത്രമാണ് പറയാനുള്ളത്.