കാസർകോട് മേൽപ്പറമ്പിൽ പിറന്നാൾ ആഘോഷത്തിനെത്തിയവർക്ക് നേരെ സദാചാര ആക്രമണം. വാഹനത്തിൽ ഏറെ സമയം ഒരുമിച്ചിരുന്നുവെന്നാരോപിച്ച് ആൺകുട്ടികളെയും പെൺകുട്ടികളെയും നാട്ടുകാർ അക്രമിക്കുകയായിരുന്നു. വാഹനത്തിൽ നിന്ന് ഇറങ്ങാൻ അനുവദിക്കാതെ തടഞ്ഞുവെക്കുകയും ചെയ്തതായി ഇവർ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ ഒരാളെ മേൽപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു.
പിറന്നാൾ ആഘോഷിക്കാനെത്തിയ സുഹൃത്തുക്കൾക്ക് നേരെ ഇന്നലെ വൈകിട്ടാണ് ആക്രമണമുണ്ടായത്. ആറുപേർ ആയിരുന്നു കാറിൽ ഉണ്ടായിരുന്നത്. മഴയായതിനാൽ പുറത്തിറങ്ങാനാകാതെ വന്നതോടെ ഇവർ കാറിൽ ഇരിക്കുകയായിരുന്നു. ഇതു കണ്ട് നാട്ടുകാർ ചോദ്യം ചെയ്തു. ഇതിനെതിരെ സംസാരിച്ചതിന് പെൺകുട്ടിയെ നാട്ടുകാർ മർദ്ദിച്ചു. ഇത് ചോദ്യം ചെയ്തതിന് മുന്നിലിരുന്ന ആൺകുട്ടിയെയും മർദ്ദിച്ചു.
ഇതോടെ പൊലീസ് എത്തുകയും കാറിലുണ്ടായിരുന്നവരെ തടഞ്ഞുവച്ച നാട്ടുകാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിലൊരാളെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും എല്ലാവരെയും അറസ്റ്റ് ചെയ്യുമെന്നും കാസർകോട് ഡിവൈഎസ്പി വ്യക്തമാക്കി. പിന്നീട് പരാതിക്കാരായ ആറുപേരെയും രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.