തിരുവനന്തപുരം:സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡ് വരുന്നു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പിലെയും അയ്യങ്കാളി നഗരതൊഴിലുറപ്പിലെയും തൊഴിലാളികൾക്ക് മറ്റു ക്ഷേമനിധികളിലേതുപോലെ ആനുകൂല്യങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യം. ക്ഷേമനിധിബോർഡ് രൂപവത്കരിക്കാൻ ഓർഡിനൻസ് ഇറക്കാനാണ് തീരുമാനം. ഇക്കാര്യം ഉടൻ മന്ത്രിസഭയുടെ പരിഗണനയ്ക്കുവരും. മഹാത്മാഗാന്ധി പദ്ധതിയിൽ സജീവമായ 19.62 ലക്ഷം പേർക്കും അയ്യങ്കാളി പദ്ധതിയിലെ രണ്ടുലക്ഷം പേർക്കും ക്ഷേമനിധി ആനുകൂല്യത്തിന് അർഹതയുണ്ട്. ബോർഡിന്റെ ഘടന, ആനുകൂല്യനിരക്ക് എന്നിവയിൽ അന്തിമതീരുമാനമായിട്ടില്ല.
ആനുകൂല്യങ്ങൾ
അറുപത് വയസ്സ് തികയുമ്പോൾ പെൻഷൻ കിട്ടുന്നതടക്കമുള്ള ആനുകൂല്യങ്ങൾ.
18 വയസ്സ് പൂർത്തിയായതും 55 വയസ്സ് തികയാത്തവരുമായ തൊഴിലാളികൾക്ക് ക്ഷേമനിധിയിൽ ചേരാം. രജിസ്റ്റർചെയ്ത തൊഴിലാളികൾക്കേ ക്ഷേമനിധിയിൽ അംഗത്വമെടുക്കാനാവൂ. പ്രതിമാസ വിഹിതം 50 രൂപ.
പത്തുവർഷത്തിൽ കുറയാതെ ക്ഷേമനിധിവിഹിതം അടയ്ക്കുന്നവർ മരണപ്പെട്ടാൽ കുടുംബപെൻഷൻ കിട്ടും. അസുഖംമൂലമോ അപകടത്തിൽപ്പെട്ടോ മരണമുണ്ടായാൽ സഹായം.
അംഗഭംഗമുണ്ടായി തൊഴിൽ ചെയ്യാനാവാതെവന്നാൽ അടച്ചതുക പലിശസഹിതം തിരിച്ചുകിട്ടും.
ഗുരുതരമായ അസുഖം ബാധിച്ചവർക്കും സഹായം ഉറപ്പാക്കും.
വനിതാ അംഗങ്ങൾക്ക് വിവാഹത്തിന് സഹായം. പ്രസവാനുകൂല്യത്തിനു പുറമേ മക്കളുടെ പഠനാവശ്യത്തിനു സാമ്പത്തികസഹായം ഉൾപ്പടെയുള്ള പ്രോത്സാഹന പദ്ധതികൾ. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തുന്നത് ഇന്ത്യയിൽ ആദ്യമായാണ്. ഈ ആവശ്യം മേഖലയിലെ തൊഴിലാളിസംഘടനകൾ നേരത്തേ ഉന്നയിച്ചിരുന്നു.