നീർവാരം:നീർവാരം ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ശിശുദിനത്തോടനുബന്ധിച്ച് ഓൺലൈൻ നഴ്സറി കലോത്സവം സംഘടിപ്പിച്ചു. അമ്മാനി,നീർവാരം,ദാസനക്കര അംഗണവാടികളിലെ 137 കുരുന്നുകൾ കലോത്സവത്തിൽ പങ്കാളികളായി.കോവിഡ് ലോക്ഡൗണിന്റെ സാഹചര്യത്തിൽ വീടുകളിൽ കഴിയുന്ന നാല് വയസ്സിനു താഴെയുള്ള കുട്ടികൾക്ക് അവരുടെ കലാമികവുകൾ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദിയായി മാറി ഈ ഓൺലൈൻ കലോത്സവം.
പ്രസംഗം,പ്രഛന്നവേഷം,ആംഗ്യപ്പാട്ട്,കഥാകഥനം എന്നിങ്ങനെ നാല് ഇനങ്ങളാണ് കലോത്സവത്തിൽ ഉൾക്കൊള്ളിച്ചത്. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകും.കുട്ടികൾ വീടുകളിൽ തന്നെ ചിത്രീകരിക്കുന്ന മത്സര ദൃശ്യങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ വോളന്റിയേഴ്സ് വിലയിരുത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്യുന്നു.മാതൃകാപരമായ ഈ പ്രവര്‍ത്തനത്തിന് രക്ഷിതാക്കളുടെയും അധ്യാപകരുടെയും അകമഴിഞ്ഞ പിന്തുണ കൂടിയാകുമ്പോൾ പരിപാടി ശ്രദ്ധേയമായി.ഗൂഗിൾ മീറ്റ് വഴി നടത്തിയ ഉദ്ഘാടന ചടങ്ങ് എൻ.എസ്.എസ് ജില്ലാ കോ ഓർഡിനേറ്റർ കെ.എസ് ശ്യാൽ ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ റാണി.എം.ജെ മാർഗനിർദ്ദേശം നൽകുകയും പൂതാടി ക്ലസ്റ്റർ കൺവീനർ രാജേന്ദ്രൻ എം കെ മുഖ്യപ്രഭാഷണം നടത്തുകയും കൽപ്പറ്റ പി.എ.സി മെമ്പറും സ്കൂളിലെ മലയാളം അധ്യാപകനുമായ ഹരി എ, സ്കൂൾ സീനിയർ അസിസ്റ്റന്റ് മത്തായി പി.ടി, രാജേഷ് എസ് ആശംസകളർപ്പിച്ച് സംസാരിച്ചു .എൻ.എസ്.എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ ചന്ദ്രൻ എ.ജി സ്വാഗതവും എൻ.എസ്.എസ് യൂണിറ്റ് ലീഡർ കുമാരി അനുശ്രീ എ.എസ് നന്ദിയും പറഞ്ഞു.