പ്രിയദർശിനി പദ്ധതി; സ്ത്രീകളുടെ അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കുന്ന നടപടിയെന്ന് മന്ത്രി ടി സിദ്ധിഖ്
കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര സാധ്യമാക്കിയ പ്രിയദർശിനി പദ്ധതി സമൂഹത്തിൽ സ്ത്രീകളുടെ അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കുന്ന മഹത്തായ മുന്നേറ്റമാണെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ധിഖ്. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത്തരക്കാർക്കും സാധാരണക്കാർക്കും വലിയ ആശ്വാസമായി സൗജന്യ യാത്രാ പദ്ധതി മാറും. വർഷം 30,000 മുതൽ 60,000 രൂപ വരെ യാത്രാക്കൂലി ഇനത്തിൽ സ്ത്രീകൾക്ക് ലാഭിക്കാൻ കഴിയുന്നത് കുടുംബ ബജറ്റിന് കരുത്താവും. വയോജനങ്ങൾക്കായുള്ള പ്രത്യേക വകുപ്പ് രൂപീകരണവും കെ.എസ്.ആർ.ടി.സി ബസുകളിലെ സ്ത്രീകളുടെ സൗജന്യയാത്രയും യാഥാർത്ഥ്യമായതോടെ പ്രകടനപത്രികയിൽ മുന്നോട്ടുവെച്ച രണ്ട് പ്രധാന വാഗ്ദാനങ്ങൾ സർക്കാർ യാഥാർത്ഥ്യമാക്കിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ സർക്കാറിന് വരുന്ന അധിക ചെലവ് ഒരു ബാധ്യതയായല്ല, മറിച്ച് ഉത്തരവാദിത്തമായാണ് ഏറ്റെടുക്കുന്നത്. സമൂഹത്തിലെ ഓരോ ജനവിഭാഗങ്ങളുടെയും മുഖത്ത് തെളിയുന്ന പുഞ്ചിരിയാണ് ജനക്ഷേമ പ്രവർത്തനങ്ങളിലൂടെ സർക്കാർ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സജന സജീവന് മന്ത്രി ടി സിദ്ധിഖ് പ്രിയദർശിനി പദ്ധതിയിലെ ആദ്യ സൗജന്യ യാത്രാ ടിക്കറ്റ് നൽകി. തുടർന്ന് ആദ്യ സർവീസ് മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. യാത്രാക്കാരെ ബസിൽ കയറി മന്ത്രി അഭിവാദ്യം ചെയ്തു. നിരവധി സ്ത്രീകളാണ് പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ ജില്ലയിലെ ഉദ്ഘാടന സർവീസിൽ തന്നെ യാത്ര ചെയ്യാൻ കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ എത്തിയിരുന്നത്. ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അദ്ധ്യക്ഷയായി. ജില്ലാ ട്രാൻസ്ർപോർട്ട് ഓഫീസർ ടി.ആർ രാജേഷ്, ഡിപ്പോ എഞ്ചിനീയർ സലാമത്ത്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, യാത്രക്കാർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ജില്ലയിലെ മൂന്ന് ഡിപ്പോകളിൽ നിന്നായി ആകെ 169 സർവീസുകളിലാണ് സൗജന്യ യാത്ര ലഭ്യമാവുന്നത്. മാനന്തവാടി ഡിപ്പോയിൽ നിന്ന് 68ഉം സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് 59ഉം കൽപ്പറ്റ ഡിപ്പോയിൽ നിന്ന് 42ഉം സർവീസുകളിലുമാണ് സൗജന്യ യാത്ര ലഭിക്കുന്നത്. ഇതിന് പുറമെ മറ്റ് ജില്ലകളിൽ നിന്നെത്തുന്ന ഓർഡിനറി ബസുകളിലും സൗജന്യ യാത്ര ചെയ്യാം. ഓർഡിനറി സർവീസുകൾക്ക് പുറമെ സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ്, ഗ്രാമവണ്ടി എന്നിങ്ങനെ ഏഴ് വിഭാഗം ബസുകളിൽ സ്ത്രീകൾക്ക് പ്രിയദർശിനി പദ്ധതി പ്രകാരമുള്ള സൗജന്യ യാത്ര സാധ്യമാവും.
അടയ്ക്ക കർഷകരുടെ പ്രതിസന്ധി പരിഹരിക്കാൻ ജില്ലാതല ടാസ്ക് ഫോഴ്സ്; റിപ്പോർട്ട് മൂന്ന് ആഴ്ചയ്ക്കകം
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടയ്ക്ക കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ കാർഷിക വിദഗ്ധരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന ജില്ലാതല ടാസ്ക് ഫോഴ്സുകൾ രൂപീകരിക്കാൻ തീരുമാനം. മന്ത്രി ടി സിദ്ധിഖിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. മഞ്ഞളിപ്പ്, കുമിൾ രോഗം എന്നിവ ഉൾപ്പെടെയുള്ള രോഗങ്ങൾ കാരണം പല ജില്ലകളിലും അടയ്ക്ക കൃഷിയുടെ ഉത്പാദന ക്ഷമത നാലിലൊന്നായി കുറഞ്ഞ സാഹചര്യം ഗൗരവതരമായാണ് സർക്കാർ കാണുന്നതെന്ന് മന്ത്രി പറഞ്ഞു. കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലും ചില തെക്കൻ ജില്ലകളിലും അടയ്ക്ക കർഷകർ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. വിളവ് കുറയുന്നതിന്റെയും രോഗബാധകളുടെയും കാരണം പ്രത്യേകമായി കണ്ടെത്തി പരിഹാരം കാണാനാണ് ഓരോ ജില്ലകളിലും ടാസ്ക് ഫോഴ്സ് രൂപീകരിക്കുന്നത്.കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്ക് പുറമെ കാർഷിക സർവകലാശാല, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർച്ചറൽ റിസർച്ച് എന്നിവയിൽ നിന്നുള്ള ശാസ്ത്രജ്ഞരും കാർഷിക വിദഗ്ധരും ടാസ്ക് ഫോഴ്സിലുണ്ടാവും. മൂന്നാഴ്ചയ്ക്കകം ജില്ലകളിൽ വിശദമായ പഠനം നടത്തി കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് സമഗ്ര പരിഹാരം കണ്ടെത്താനാണ് നിർദേശിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, മണ്ണിന്റെ ഘടനയിലുണ്ടായ മാറ്റം, വളപ്രയോഗത്തിലും കീടനാശിനി ഉപയോഗത്തിലും സംഭവിക്കുന്ന പ്രശ്നങ്ങൾ, രോഗപ്രതിരോധ ശേഷിയുള്ള വിത്തിനങ്ങളുടെ ഉപയോഗം, നിലവിൽ രോഗം ബാധിച്ച കവുങ്ങുകൾക്ക് സാധ്യമാവുന്ന പ്രതിരോധ മാർഗങ്ങൾ എന്നിങ്ങനെ വിവിധ വിഷയങ്ങൾ ജില്ലാതല ടാസ്ക് ഫോഴ്സുകൾ പരിശോധിക്കും. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിവിധ പാക്കേജുകളും പദ്ധതികളും സംയോജിപ്പിച്ച് അടയ്ക്ക കൃഷിയ്ക്ക് സഹായം ലഭ്യമാക്കുന്നത് സംബന്ധിച്ചും തദ്ദേശ സ്വയംഭരണ വകുപ്പുമായി ഉൾപ്പെടെ സഹകരിച്ച് സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ചും റിപ്പോർട്ട് തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിച്ച് കർഷകരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനുമാണ് ലക്ഷ്യമിടുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ധിഖ് അറിയിച്ചു. പല ജില്ലകളിലും അടയ്ക്ക കർഷകർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് കൃത്യമായ പഠനം നടത്തിയിട്ടില്ലാത്തത് പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു. രോഗപ്രതിരോധ നടപടികൾ ഒരു മേഖലയിൽ ഒന്നാകെയായി മാത്രമേ സാധ്യമാവൂ എന്നുള്ളതിനാൽ ഓരോ പ്രദേശത്തെയും കർഷകരെ ഉൾപ്പെടുത്തി ക്ലസ്റ്ററുകൾ രൂപീകരിക്കുന്നതിനെക്കുറിച്ചും ജില്ലാതല ടാസ്ക് ഫോഴ്സ് റിപ്പോർട്ട് തയ്യാറാക്കുമെന്ന് മന്ത്രി പറഞ്ഞു. കൃഷി വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ, വിവിധ ജില്ലകളിലെ പ്രിൻസിപ്പൽ കൃഷി ഓഫീസർമാർ, കാർഷിക സർവകലാശാലയിൽ നിന്നും ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർച്ചറൽ റിസർച്ചിൽ നിന്നുമുള്ള വിദഗ്ദർ, കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.
അനുമോദനവും യാത്രയയപ്പും നൽകി.
മലബാർ സൈനിക അക്കാദമിയിൽ നിന്നും ഇന്ത്യൻ പ്രതിരോധ സേനയിലേക്ക് സെലക്ഷൻ ലഭിച്ച ഉദ്യോഗാർത്ഥികളെ ആദരിക്കുകയും, അനുമോദന യാത്രയയപ്പ് നൽകുകയും ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, പരിപാടി ഉദ്ഘാടനം ചെയ്തു.മുൻ മിൽമ്മ ചെയർമാൻ പിടി ഗോപാലകുറുപ്പ്, മീനങ്ങാടി പൊലീസ് സ്റ്റേഷനിലെ SI സന്തോഷ്, ASI സാദിക്ക് എന്നിവർ ഉദ്യോഗാർത്ഥികൾക്ക് ഉപഹാരം നൽകി സംസാരിച്ചു.
സംസ്ഥാനത്ത് സ്വർണ വിലയില്‍ വർധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. പവന് 1800 രൂപയാണ് ഇന്ന് വർധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന് 1,11,120 രൂപയായി. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 225 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാമിന് 13,890 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയുടെ വില ഇന്നേക്ക് 265 രൂപയായി ഉയർന്നു. 10 ഗ്രാം വെള്ളിക്ക് നിലവിൽ 2,650 രൂപയാണ് വില വരുന്നത്.
പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ലെന്ന് മുഖ്യമന്ത്രി, സർക്കാരിന് തന്നെ ആ പൈസ കിട്ടുമെന്ന് തമാശ; മെൻസ് അസോസിയേഷനും മറുപടി
തിരുവനന്തപുരം :സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധിക്കുന്ന മെൻസ് അസോസിയേഷന് മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ. മെൻസ് അസോസിയേഷൻ പ്രതിഷേധം രസകരമാണ്. അവര്‍ വേറെ ബസിലൊക്കെ യാത്ര ചെയ്യുന്നുണ്ട്. താനൊരു പുരുഷ വിരോധിയൊന്നുമല്ല. സ്ത്രീകളുടെ കൈയിലാണെങ്കിൽ മിച്ചം വരുന്ന പൈസ വീട്ടിൽ എത്തും. പക്ഷേ പുരുഷനാണെങ്കിൽ ഈ പൈസ കുറച്ച് പേര് വീട്ടിൽ കൊടുക്കും. ബാക്കി എവിടെപോകും, സര്‍ക്കാരിന് തന്നെ കിട്ടുമെന്ന് തമാശ കലർത്തി മുഖ്യമന്ത്രി പറഞ്ഞു. പ്രിയദര്‍ശിനി പദ്ധതി ഇത് സ്ത്രീകളോടുള്ള ആദരവ്. പദ്ധതി സർക്കാരിന് സ്ത്രീകളോടുള്ള ആദരവാണെന്നും സ്ത്രീകളെ ബഹുമാനിക്കാൻ ഒരു സമൂഹം പഠിക്കണണെന്നുള്ള ആഹ്വാനം കൂടിയാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
പ്രിയദർശിനി പദ്ധതിക്ക് തുടക്കം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ഇനി സ്ത്രീകൾക്ക് യാത്ര സൗജന്യം
തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയായ പ്രിയദർശിനി പദ്ധതിക്ക് തുടക്കമായി. പ്രിയദർശിനി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിച്ചു. തിരുവനന്തപുരം പാപ്പനംകോഡ് ഡിപ്പോയുടെ ബസിൽ തമ്പാനൂർ മുതൽ പെരുമാതുറ വരെയാണ് പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടന യാത്ര. മന്ത്രിമാരും സംഘവും തമ്പാനൂർ മുതൽ സെക്രട്ടറിയേറ്റ് വരെ സഞ്ചരിക്കും. കെഎസ്ആര്‍ടിസിയിലെ ആദ്യ വനിതാ ഡ്രൈവറായ പെരുമ്പാവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ഷീലയായിരുന്നു ഉദ്ഘാടന സർവീസിൻ്റെ സാരഥി. ഉദ്ഘാടന ബസിലെ കണ്ടക്ടറും വനിതയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ 20 വിഐപികള്‍ ബസില്‍ യാത്ര ചെയ്തു. തൃശ്ശൂരിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രിയദർശിനി പദ്ധതിക്ക് പച്ചക്കൊടി ചെയ്തു. 3,125 ബസുകളിലാണ് സൗജന്യ യാത്രാ സൗകര്യം ലഭിക്കുക. ഓര്‍ഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്റ്റ് കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി പുറത്തിറക്കിയിരുന്നു. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ പട്ടികയായിരുന്നു കെഎസ്ആര്‍ടിസി പുറത്തുവിട്ടത്. ഓര്‍ഡിനറി വിഭാഗത്തിലെ ഏഴ് ക്ലാസുകളിലാണ് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ലഭിക്കുക. ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്/ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഫെയര്‍സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ്/ ഓര്‍ഡിനറി, ഗ്രാമവണ്ടി എന്നീ ക്ലാസുകളിലാണ് സൗജന്യ യാത്ര ലഭ്യമാകുക. എല്ലാ പ്രായത്തിലുള്ള സ്ത്രീകളും ട്രാന്‍ജെന്‍ഡേഴ്‌സുമായിരിക്കും ഇതിന്റെ ഗുണഭോക്താക്കള്‍.
താൽക്കാലിക നിയമനം
ബത്തേരി താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് ഫാർമസിസ്റ്റ്, ഡയാലിസിസ് ടെക്നീഷ്യൻ, ഇ.സി.ജി. ടെക്നീഷ്യൻ, നേഴ്സിംഗ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 18-45 വയസ്സ് പ്രായപരിധിയുള്ള, നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി 16.06.2026-ൽ ബത്തേരി താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. നേഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഉള്ളവർ രാവിലെ 10 മണിക്കും, മറ്റു തസ്തികകളിൽ ഉള്ളവർ ഉച്ചയ്ക്ക് 2 മണിക്കും എത്തേണ്ടതുണ്ട്. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത്/മുനിസിപ്പാലിറ്റി പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.talukhospitalbathery.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 04936 293811 (10 AM to 5 PM) എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.
പ്രിയദർശിനി ബസിന് സ്വീകരണം നൽകി
ചീരാൽ: "പ്രിയദർശിനി" പദ്ധതി പ്രകാരം സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച സർക്കാർ നടപടിയെ സ്വാഗതംചെയ്ത് വെള്ളച്ചാൽ, കൊഴുവണ പ്രദേശവാസികൾ കെ എസ് ആർ ടി സി ബസ്സിന് സ്വീകരണം നൽകി. ചെറിയ വേതനത്തിന് വിവിധ തൊഴിലുകൾക്കായി ഗ്രാമങ്ങളിൽ നിന്ന് പോകുന്ന സ്ത്രീകൾക്ക് ലഭിക്കുന്ന ആനുകൂല്യം കുടുംബ വരുമാനത്തിന്റെ ഭാഗമാണെന്നും ഇത് നിസ്സാരവൽക്കരിച്ച് പ്രചരണം നടത്തുന്നത് ഖേദകരമാണെന്നും യോഗം വിലയിരുത്തി, പായസവിതരണവും നടത്തി . യോഗത്തിൽ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ വിറ്റി ബേബി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ ഷീജ രാജു ഉദ്ഘാടനം ചെയ്തു വാർഡ് പ്രസിഡന്റ് ജെ എ രാജു മാസ്റ്റർ, വിടി രാജു, കെ സി കെ തങ്ങൾ. രാഹുൽ ആലിങ്കൽ, കെ എ സുകുമാരൻ, സംസാരിച്ചു. രജീഷ്, വിജയൻ, ബാലൻ, തുടങ്ങിയവർ നേതൃത്വം നൽകി.
"KSRTC പ്രിയദർശിനി" ബസ്സിന് മാടക്കരയിൽ സ്വീകരണം നൽകി
മാടക്കര : കേരള സർക്കാറിന്റെ ഇന്ദിര ഗ്യാരണ്ടി പദ്ധതി പ്രകാരം സ്ത്രീകൾക്കുള്ള സൗജന്യയാത്ര ബസ്സിന് കുടുംബശ്രീ പതിനാറാം വാർഡ് ADS ന്റെ നേതൃത്വത്തിൽ മാടക്കരയിൽ സ്വീകരണം നൽകി. വാർഡ് മെമ്പർ ഖാദർ മാടക്കര,CDS മെമ്പർ റൈഹാനത്ത്,ADS പ്രസിഡന്റ് റസിയ, സെക്രട്ടറി റംലത്ത്, വിനയ എന്നിവരും കുടുംബശ്രീ അംഗങ്ങളും പങ്കെടുത്തു.
ആരോഗ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് കമന്റ്, സിപിഎം പ്രവർത്തകനെതിരെ കേസെടുത്തു; കലാപത്തിന് പ്രേരിപ്പിക്കൽ വകുപ്പ് ചുമത്തി
ആരോഗ്യമന്ത്രി കെ മുരളീധരനെതിരെ ഫേസ്ബുക്കിൽ വിദ്വേഷ കമന്റിട്ട നടപടിയിൽ സിപിഎം പ്രവർത്തകനെതിരെ കേസെടുത്തു. താമരശ്ശേരി തേറ്റാമ്പുറം സ്വദേശി വിപിന് എതിരെയാണ് കേസ് എടുത്തത്. കലാപത്തിന് പ്രേരിപ്പിക്കൽ വകുപ്പ് ചുമത്തിയാണ് കേസ്. കോൺഗ്രസ് നേതാവ് പിസി ഹബീബ് തമ്പിയുടെ പരാതിയിലാണ് കേസ്. നിപയുമായി ബന്ധപ്പെട്ട വാർത്തക്ക് താഴെയായിരുന്നു കമന്റ്.
അവസാന നിമിഷത്തെ ദിയാലോ മാജിക്; ഇക്വഡോറിനെ അട്ടിമറിച്ച് ഐവറി കോസ്റ്റ്
ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഇയില്‍ ലാറ്റിന്‍ അമേരിക്കന്‍ കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്. ഫിലാഡല്‍ഫിയയിലെ ലിങ്കണ്‍ ഫിനാന്‍ഷ്യല്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന കടുത്ത പോരാട്ടത്തില്‍ 90-ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം അമദ് ദിയാലോ നേടിയ ഗോളാണ് ആഫ്രിക്കന്‍ വമ്പന്മാര്‍ക്ക് ചരിത്രവിജയം സമ്മാനിച്ചത്. ഈ പരാജയത്തോടെ ഇക്വഡോറിന്റെ തുടര്‍ച്ചയായ 19 മത്സരങ്ങളുടെ അപരാജിത കുതിപ്പിനാണ് വിരാമമായത്.മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇക്വഡോര്‍ കളം നിറഞ്ഞു കളിച്ചെങ്കിലും രണ്ടാം പകുതിയില്‍ തന്ത്രപരമായ മാറ്റങ്ങളിലൂടെ ഐവറി കോസ്റ്റ് കളി കൈപ്പിടിയിലൊതുക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ അരമണിക്കൂറില്‍ ഇക്വഡോര്‍ ആണ് പൂര്‍ണ ആധിപത്യം പുലര്‍ത്തിയത്. എന്നാല്‍ നിര്‍ഭാഗ്യം അവരുടെ മുന്നേറ്റങ്ങള്‍ക്ക് വിലങ്ങുതടിയായി. കളിയുടെ ആദ്യ പകുതിയില്‍ ഇക്വഡോര്‍ താരങ്ങളായ ജോണ്‍ യെബോവയുടെയും അലന്‍ മിന്‍ഡയുടെയും തകര്‍പ്പന്‍ ഷോട്ടുകള്‍ ഐവറി കോസ്റ്റ് ഗോള്‍പോസ്റ്റിന്റെ ക്രോസ്സ്ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു.രണ്ടാം പകുതിയില്‍ കളിയിലേക്ക് ശക്തമായി തിരിച്ചുവന്ന ഐവറി കോസ്റ്റിനും ഒരു സുവര്‍ണ്ണാവസരം നഷ്ടമായി. എലി വാഹിയുടെ ഒരു മികച്ച ശ്രമം ഇക്വഡോര്‍ പോസ്റ്റില്‍ തട്ടി മടങ്ങി. മത്സരം സമനിലയിലേക്ക് എന്ന് ഉറപ്പിച്ചിരുന്ന 90-ാം മിനിറ്റിലാണ് കളിയിലെ ഒരേയൊരു ഗോള്‍ പിറന്നത്. വില്‍ഫ്രഡ് സിംഗോ വലതുവിങ്ങില്‍ നിന്നും നല്‍കിയ മനോഹരമായ പന്ത് സ്വീകരിച്ച പകരക്കാരനായി ഇറങ്ങിയ അമദ് ദിയാലോ, ബോക്സിനുള്ളില്‍ നിന്നും കൃത്യമായ ഒരു ഇടങ്കാലന്‍ ഷോട്ടിലൂടെ പന്ത് ഇക്വഡോര്‍ വലയിലെത്തിക്കുയായിരുന്നു.
ക്യുറോസോവൻ ഗോൾ മുഖം തകർത്ത് ജർമ്മൻ പട; ലോകകപ്പിൽ ഗോൾ മഴപെയ്യിപ്പിച്ച് കിമ്മിച്ചും സംഘവും
ഹൂസ്റ്റൺ: ഗ്രൂപ്പ് ഇ- ലെ ആദ്യ മത്സരത്തിൽ ക്യുറോസോവയ്‌ക്കെതിരെ വമ്പൻ വിജയവുമായി ജർമനി. ഒന്നിനെതിരെ ഏഴ് ഗോളുകൾക്കായിരുന്നു ജർമനിയുടെ വിജയം. കളി തുടങ്ങി ആറാം മിനിറ്റിൽ തന്നെ ജർമനി വരവറിയിച്ചിരുന്നു. ഫെലിക്സ് മേട്ച്ച തുടക്കമിട്ട ഗോൾ വേട്ടയ്ക്ക് എഴുപത്തിയെട്ടാം മിനിറ്റിൽ ഡെനിസ് ഉൻഡാവ് ആണ് അവസാനമിട്ടത്. ആറാം മിനിറ്റിൽ ആദ്യ ഗോൾ വഴങ്ങിയെങ്കിലും ഇരുപത്തിയൊന്നാം മിനിറ്റിൽ ക്യുറോസോവ ഗോൾ മടക്കി ജർമനിയെ ഞെട്ടിച്ചിരുന്നു. ലീവാനോ കോമനൻസിയ ആയിരുന്നു ക്യുറോസോവയ്ക്ക് വേണ്ടി ഗോൾ നേടിയത്.സമനില പിടിച്ച് കളിയിലേക്ക് തിരിച്ചുവരാൻ ശ്രമിച്ച ക്യുറോസോവയുടെ സന്തോഷത്തിന് നിമിഷങ്ങളുടെ ആയുസ് മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. മുപ്പത്തിയെട്ടാം മിനിറ്റിൽ നിക്കോ ഷോൾട്ടർബക്ക് ജർമനിയുടെ ലീഡുയർത്തി. ആദ്യ പകുതി അവസാനിക്കാൻ മിനുട്ടുകൾ ബാക്കിനിൽക്കെ കിട്ടിയ പെനാൽറ്റി ഹാവെർട്സ് വലയിലെത്തിക്കുമ്പോൾ ജർമനി ഏകദേശം വിജയമുറപ്പിച്ചിരുന്നു.രണ്ടാം പകുതിയുടെ തുടക്കം തന്നെ ജമാൽ മൂസിയാള തന്റെ വരവറിയിച്ചു. നാല്പത്തിയേഴാം മിനിറ്റിൽ ജർമനി അണ്ഡത്തിയ മികച്ചൊരു മുന്നേറ്റം മൂസിയാളയിലൂടെ അവർ പൂർത്തിയാക്കി. അറുപത്തിയെട്ടാം മിനിറ്റിൽ നഥാനിയേൽ ബ്രൗണും എഴുപത്തിയെട്ടാം മിനിറ്റിൽ ഡെനിസ് ഉൻഡാവും ജർമനിക്കായി വലകുലുക്കി. എൺപത്തിയെട്ടാം മിനിറ്റിൽ ഹാവെർട്സ് തന്റെ ഇരട്ട ഗോൾ നേടി ജർമനിയുടെ വിജയം സമ്പൂർണ്ണമാക്കി. അതേസമയം തങ്ങളുടെ ആദ്യ ലോകകപ്പ് മത്സരത്തിനാണ് ക്യുറോസോവ ഇന്നിറങ്ങിയത്. വിശ്വവേദിയിലെ ആദ്യ മത്സരത്തിൽ തന്നെ ഗോൾ നേടാൻ കഴിഞ്ഞുവെന്ന മികച്ച നേട്ടത്തിന്റെ സന്തോഷമെല്ലാം നിമിഷനേരംകൊണ്ടാണ് ജർമനി തല്ലികെടുത്തിയത്.
പശ്ചിമേഷ്യയിൽ ഇനി സമാധാനത്തിൻ്റെ പുലരി; ഇറാനുമായുള്ള സമാധാന കരാറിൽ ധാരണയിലെത്തിയതായി ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ: ഇറാനുമായി സമാധാന കരാറിൽ ധാരണയായതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ അമേരിക്കൻ നാവിക ഉപരോധം പിൻവലിക്കാനും ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കാനും കരാറിൽ ധാരണയായതായി ട്രംപ് അറിയിച്ചു. കരാറിന് മധ്യസ്ഥത വഹിച്ച പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സമാധാന കരാർ അന്തിമമായതായി അറിയിച്ചു, വെള്ളിയാഴ്ച ജനീവയിൽ ഇരുരാജ്യങ്ങളും തമ്മിൽ കരാറിൽ ഒപ്പിടും. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിൻ്റെ പ്രഖ്യാപനം. അമേരിക്കയും ഇറാനും തമ്മിൽ ഫെബ്രുവരി 28 മുതൽ തുടരുന്ന സംഘർഷത്തിന് ഉടൻ വിരാമമാകുന്നതായി ഇറാന്റെ ഉപ വിദേശകാര്യ മന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്. ട്രംപിൻ്റെ 80-ാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം.
ഷിഗല്ല പ്രതിരോധ മുൻകരുതൽ യോഗം നടത്തി
പടിഞ്ഞാറത്തറ :ബത്തേരി താലൂക്കിൽ ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം സംഘടിപ്പിച്ചു. രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡ്രൈ ഡേ, ക്ലീൻ ഡ്രൈവ്, ബോധവൽക്കരണക്ലാസുകൾ,കിണറുകളിൽ ക്ലോറിൻ നിക്ഷേപം,ലഘുലേഖ നോട്ടീസ് വിതരണം,സ്കൂളുകളിലും അംഗൻവാടികളിലും പ്രത്യേക നിർദ്ദേശങ്ങൾ നൽകുന്നതിന് ടീം വിസിറ്റിംഗ് തുടങ്ങിയവ സംഘടിപ്പിക്കാനും പടിഞ്ഞാറത്തറ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ ചേർന്ന് പ്രത്യേക യോഗത്തിൽ തീരുമാനമായി.യോഗം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ അസ്മ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ജോസഫ് പുല്ലുമാരിയിൽ അധ്യക്ഷതവഹിച്ചു.ഡോക്ടർ സുഷമ ,ഡോക്ടർ സ്റ്റെഫി, ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ തുടങ്ങിയവർ ക്ലാസെടുത്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയന്‍ ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രാകേഷ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാജിത നൗഷാദ്,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി, മെമ്പർമാരായ പിസി മമ്മൂട്ടി,എൻ പി നൗഷാദ്,ശ്രീജിത്ത്,ബീന സുഹറ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് തുടങ്ങിയവർ സംബന്ധിച്ചു.
വിദ്യാർത്ഥികളെ ആദരിച്ചു.
കൽപ്പറ്റ ഡി പോൾ പബ്ലിക് സ്കൂളിൽ നിന്നും CBSE പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കല്പറ്റ ഫോറോന വികാരി റവ. ഫാ. ബിജു കോയിക്കട്ടിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. മാത്യു പെരിയപ്പുറം അധ്യക്ഷനായിരുന്നു. കഴിഞ്ഞ സിബിഎസ്ഇ പരീക്ഷയിൽ ജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ എമിൽ റോസ് , എയ്മി സാറാ ബാബു, അഹ്‌സന. പി എന്നീ വിദ്യാർത്ഥികൾ സ്കൂളിൻ്റെ അഭിമാനമായി മാറി. വിവിധ വിഷയങ്ങളിൽ 100/100 മാർക്കും നേടി ദേശീയ സംസ്ഥാന തലങ്ങളിൽ ഇടം നേടാൻ 15 വിദ്യാർത്ഥികൾക്ക് കഴിഞ്ഞതായി സ്കൂൾ പ്രിൻസിപ്പൽ പി. യു ജോസഫ് പറഞ്ഞു. ബർസാർ ഫാ. അനീഷ് പുരക്കൽ, പിടിഎ പ്രസിഡന്റ് ജോസ് ലിൻ ഡി സൂസ, വൈസ് പ്രിൻസിപ്പാൾ ജോർജ് സെബാസ്റ്റ്യൻ, ഹെഡ്‌മിസ്ട്രസ് സൗരഭ റായ്, സിനി ജോസഫ്, സൗമ്യ ആർ, ആരോൺ എം രാജു, എമിൽ റോസ് എന്നിവർ സംസാരിച്ചു..
തൂഫാൻ:എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ- ലോറിയിൽ കടത്താൻ ശ്രമിച്ച 6.480 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
ബത്തേരി: ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ടിന്റെ ഭാഗമായി നടത്തിയ ഓപ്പറേഷനിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ. താമരശ്ശേരി, കൈയേലിക്കുന്നിന്മേൽ വീട്ടിൽ, രാമിഷ്(24), കൊടുവള്ളി, താഴെകളത്തിങ്കൽ വീട്ടിൽ, റാഷിദ്(40) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. 6.480 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. കഴിഞ്ഞ വർഷം ജൂണിൽ, വിൽപ്പനയ്ക്കായി 76.44 ഗ്രാം എം.ഡി.എം.എ കർണാടകയിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്നു. 13.06.2026 തീയതി മുത്തങ്ങ പോലീസ് ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ വലയിലായത്. വില്പനക്കും ഉപയോഗത്തിനുമായി KL 57 AB 1318 നമ്പർ ലോറിയിൽ എം.ഡി.എം.എ കടത്താനുള്ള ശ്രമമായിരുന്നു.
പനിച്ചൂടില്‍ വിറച്ച് സംസ്ഥാനം; 13 ദിവസത്തിനിടെ 41 മരണം, മുന്‍കരുതല്‍ ശക്തമാക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം : പകർച്ചവ്യാധി ഭീതിയില്‍ സംസ്ഥാനം. പതിമൂന്ന് ദിവസത്തിനിടെ നാല്‍പത്തിയൊന്ന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്‍ഫ്‌ലുവന്‍സ ബാധിച്ച് ഒന്‍പത് പേര്‍ക്ക് ജീവന്‍ നഷ്ടമായി. എലിപ്പനിബാധിച്ച് എട്ടു പേരും, ഡെങ്കിപ്പനി ബാധിച്ച് അഞ്ച് പേരും മരിച്ചു. തൃശൂരിലും ഷിഗല്ല സ്ഥിരീകരിച്ചതോടെ മുന്‍കരുതല്‍ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം. ഇടവിട്ടുള്ള മഴ രോഗവ്യാപനത്തിന് കാരണമാകുന്നു എന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.അഞ്ചു ദിവസംകൊണ്ടാണ് പതിനായിരത്തിലധികംപേര്‍ പനി ബാധിച്ച് ചികിത്സ തേടിയത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പതിനൊന്നായിരത്തി അഞ്ഞൂറ്റി മുപ്പത്തിനാല് പേരാണ് പനി ബാധിച്ച് ചികിത്സക്കായി മാത്രം ആശുപത്രിയില്‍ എത്തിയത്. ഇതിനോടകം നൂറ്റി മുപ്പത്തിയഞ്ച് പേര്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചുവെങ്കിലും അതില്‍ അന്‍പത്തിയൊമ്പത് പേരാണ് ഈ മാസം മാത്രം ചികിത്സ തേടിയത്. ഷിഗല്ല രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ വയനാട് കൂടുതല്‍ ജാഗ്രത തുടരുകയാണ്. കുട്ടികളുമായി പുറത്തു പോകുന്നതും പരിപാടികളില്‍ പങ്കെടുക്കുന്നതും ഒഴിവാക്കണമെന്ന് രക്ഷിതാക്കളോട് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും അതികൃതര്‍ വ്യക്തമാക്കി.കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. എന്നാല്‍ എല്ലാ രോഗികള്‍ക്കും രോഗ ലക്ഷണങ്ങള്‍ കാണണമെന്നില്ല. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക
KSRTC ഓർഡിനറി ബസിലെ സൗജന്യ യാത്ര: ഉദ്ഘാടനം ബഹിഷ്‌കരിക്കാൻ CPIM; ചരിത്രപരമായ വിഡ്ഢിത്തമാകരുതെന്ന് CP ജോൺ
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസിലെ സൗജന്യ യാത്രയുടെ ഉദ്ഘാടന ചടങ്ങ് സിപിഐഎം എംഎല്‍എമാര്‍ ബഹിഷ്‌കരിക്കും. ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. എല്ലാ സ്ത്രീകള്‍ക്കും സൗജന്യമായി ഏത് ഭാഗത്തും യാത്ര ചെയ്യാമെന്നായിരുന്നു യുഡിഎഫ് തെരഞ്ഞെടുപ്പ് വാഗ്ദാനമായി പറഞ്ഞതെന്ന് എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.'മലബാറില്‍ അപൂര്‍വമായി മാത്രമേ ഓര്‍ഡിനറി ബസുള്ളു. ഉദ്ഘാടനത്തില്‍ സഹകരിക്കില്ല, ആളെ പറ്റിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പദ്ധതിയോട് എതിര്‍പ്പില്ല. എന്നാല്‍ പറയുന്നത് അല്ല സര്‍ക്കാര്‍ നടപ്പാക്കുന്നത്', എം വി ഗോവിന്ദന്‍ പറഞ്ഞു.അതേസമയം എം വി ഗോവിന്ദന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി ഗതാഗതവകുപ്പ് മന്ത്രി സി പി ജോണ്‍ രംഗത്തെത്തി. വിട്ടുനില്‍ക്കല്‍ ചരിത്രപരമായ വിഡ്ഢിത്തരം ആവരുതെന്ന് സി പി ജോണ്‍ പറഞ്ഞു. ബഹിഷ്‌കരിച്ചാല്‍ തനിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നും സി പി ജോണ്‍ ചോദിച്ചു. വിട്ടുനില്‍ക്കുകയാണെങ്കില്‍ തനിക്ക് ഒന്നും പറയാനില്ലെന്നും സി പി ജോണ്‍ കൂട്ടിച്ചേര്‍ത്തു.
ഓപ്പറേഷൻ തൂഫാൻ ; മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി പിടിയിൽ
പടിഞ്ഞാറത്തറ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി പിടിയിൽ. മലപ്പുറം, മഞ്ചേരി, കരുവമ്പ്രം, ഉള്ളാറ്റിൽ വീട്ടിൽ യു. ടി ഹാരിസ് (34)നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും പടിഞ്ഞാറത്തറ പോലീസും ചേർന്ന് പിടികൂടിയത്. 13.06.2026 തിയ്യതി വൈകീട്ടോടെ കുപ്പാടിത്തറ സൊസൈറ്റിക്കവല ഭാഗത്ത് നടത്തിയ പോലീസ് പരിശോധനക്കിടെയാണ് ഇയാൾ വലയിലായത്. പോലീസിനെ കണ്ട് പരിഭ്രമിച്ച ഇയാളെ പരിശോധിച്ചപ്പോൾ ഇയാളുടെ പാന്റിന്റെ പോക്കറ്റിൽ നിന്നുമാണ് 0.89 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്.ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ രജീഷ് തെരുവത്ത് പീടികയിൽ, സീനിയർ സി.പി.ഓ മാരായ എൻ ജെ അരുൺ, അബ്ദുൾ റഫീഖ് കൂടാതെ ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണ് പരിശോധന നടത്തിയത്.ഓപ്പറേഷന്‍ തൂഫാന്‍;13 ദിവസത്തിനുള്ളില്‍ 61 കേസുകള്‍ - 66 പേര്‍ അറസ്റ്റില്‍കല്‍പ്പറ്റ: ലഹരിക്കെതിരെയുള്ള കേരളാ പോലീസിന്റെ 'ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ടിന്റെ' ഭാഗമായി വയനാട് ജില്ലയില്‍ 13 ദിവസത്തിനുള്ളില്‍ വിവിധ സ്‌റ്റേഷനുകളിലായി 61 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 66 പേരെ അറസ്റ്റ് ചെയ്തു. 0.89 ഗ്രാം എം.ഡി.എം.എയും, 2.153 കിേലാ ഗ്രാം കഞ്ചാവും, 7.7 ഗ്രാം ഹാഷിഷ് ഓയിലും, 43 കഞ്ചാവ് നിറച്ച സിഗരറ്റുകളും പിടിച്ചെടുത്തു. ജൂണ്‍ ഒന്ന് മുതല്‍ 13-ാം തീയതി വരെയുള്ള കണക്കാണിത്. ലഹരിക്കടത്ത്, വിൽപ്പന, ഉപയോഗം എന്നിവ തടയുന്നതിനായി എല്ലാ സ്റ്റേഷന്‍ പരിധികളിലും ജില്ലാ അതിര്‍ത്തികളിലും പ്രത്യേക പരിശോധന നടത്തിവരുന്നുണ്ട്. കൂടാതെ ലഹരിക്കേസിലുൾപ്പെടുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള ശക്തമായ നിയമനടപടികളും പോലീസ് സ്വീകരിക്കും. പ്രത്യേക പരിശീലനം ലഭിച്ച നാര്‍ക്കോട്ടിക് സ്‌നിഫര്‍ ഡോഗുമായി പോലീസ് ഡോഗ് സ്ക്വാഡുംം ഡ്രോണും പരിശോധനയില്‍ സജീവമാണ്. സമൂഹത്തില്‍ ലഹരി ഇല്ലായ്മ ചെയ്യുന്നതിനായി ഓപ്പറേഷന്‍ തൂഫാനില്‍ പൊതുജനങ്ങളുടെ പങ്കാളിത്തവും ശ്രദ്ധേയമാണ്. ലഹരി ഉപയോഗത്തെയും വിപണനത്തെയും കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ പോലീസിന് പങ്കുവെക്കുന്നുണ്ട്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധന നടത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങളു 'തൂഫാന്‍ പോരാളി'യാകുകലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയില്‍പെട്ടാല്‍വിവരം ഉടന്‍ തന്നെ പോലീസിനെ അറിയിക്കുകവിവരം നല്‍കുന്നവരുടെ പേര് വിവരങ്ങള്‍ രഹസ്യമായിരിക്കും.(വാട്‌സ്ആപ്പ് നമ്പര്‍) 9995966666 (വിളിച്ച് അറിയിക്കാം )9497979794 9497927797
കെഎസ്ആർടിസി സ്ത്രീ സൗജന്യ യാത്ര നാളെ മുതൽ; ഒരുക്കങ്ങൾ പൂർത്തിയായി
കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യ യാത്ര നാളെ മുതൽ. രാവിലെ എട്ടരക്ക് തിരുവനന്തപുരം തമ്പാനൂരിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. ആദ്യയാത്രയിൽ വനിതകൾക്ക് ഒപ്പം ബസിൽ മുഖ്യമന്ത്രിയും സഞ്ചരിക്കും. ബസുകളിൽ പ്രിയദർശിനി സ്റ്റിക്കർ ഒട്ടിക്കുന്നത് അടക്കമുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി.ഓർഡിനറിയിൽ ഏഴ് വിഭാഗങ്ങളിലാണ് സൗജന്യയാത്ര ലഭിക്കുക. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിൻ്റ് ടു പോയിന്റ് ഓർഡിനറി, ഗ്രാമവണ്ടി എന്നീ വിഭാഗങ്ങളിലാണ് സൗജന്യയാത്ര അനുവദിച്ചിരിക്കുന്നത്. 65 മുതൽ 70 കോടി രൂപ മാസം വേണ്ടിവരുമെന്നാണ് കണക്ക്. 7 കോടി രൂപയാണ് കെഎസ്ആർടിസിയുടെ ഇപ്പോഴത്തെ പ്രതിദിന വരുമാനം.പുതിയ സൗജന്യയാത്രാ പദ്ധതി കെഎസ്ആർടിസിയുടെ സ്വന്തം പദ്ധതിയല്ലെന്നും യുഡിഎഫ് സർക്കാരിന്റെ കൃത്യമായ ക്ഷേമപ്രവർത്തനമാണെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ വ്യക്തമാക്കിയിരുന്നു.

