മലയാളത്തില്‍ ലൂസിഫർ, തങ്കമണി ഉള്‍പ്പടെയുള്ള സിനിമകളില്‍ അഭിനയിച്ച പ്രമുഖ നടന്‍ ജോണ്‍ വിജയ് ലൈംഗികാരോപണ കുരുക്കില്‍. പരാതിയുമായി നിരധി യുവതികളാണ് എത്തിയിട്ടുള്ളത്. ഏതാനും ദിവസം മുൻപ് അഭിമുഖമെടുക്കാൻ ചെന്ന് കാത്തിരിക്കവേ നടൻ തന്നോട് മോശമായി പെരുമാറിയെന്ന് ഒരു മാധ്യമപ്രവർത്തക സോഷ്യല്‍ മീഡിയയിലൂടെ തുറന്നു പറഞ്ഞിരുന്നു.
പിന്നാലെ ഈ പരാതിയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എക്‌സിലൂടെ പുറത്തുവിട്ടു ഗായിക ചിന്‍മയി ശ്രീപാദ. ആരോപണം ഉന്നയിച്ച മറ്റ് സ്ത്രീകള്‍ അനുഭവിച്ച ദുരിതങ്ങളും വിശദീകരിച്ചിട്ടുണ്ട് ചിന്‍മയി. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ചിത്രങ്ങളില്‍ സജീവമാണ് ജോണ്‍ വിജയ്. ദിലീപ് കേസുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടിംഗിന് എത്തിയ മാധ്യമപ്രവര്‍ത്തകയോടും ജോണ്‍ വിജയ് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചതായി ആരോപണം ഉയർന്നിരുന്നു.
ചിന്മയിയുടെ സ്ക്രീൻഷോട്ടിലെ ഉള്ളടക്കം
“ഈ മനുഷ്യൻ പൊതുജനങ്ങള്‍ക്കും ഒരു ശല്യമാണ്. ഇയാള്‍ ചെന്നൈയിലെ ക്ലബുകളിലേയും പബ്ബുകളിലേയും സ്ഥിരസന്ദർശകനാണ്. ആ സ്ഥലം ഇയാളെപ്പോലുള്ള ചെകുത്താന്മാരെ കൊണ്ടു നിറഞ്ഞതാണ്. ‘നോ’ എന്ന വാക്കിന്റെ അർത്ഥം ഇയാള്‍ക്ക് മനസിലാവില്ല. ക്ലബിന്റെ ഓരോ മൂലയിലും സ്മോക്കിങ് സോണി ലം എവിടെ പോയാലും ഇയാള്‍ പിന്നാലെയുണ്ടാവും. ഒരിക്കല്‍ ശല്യം സഹിക്കവയ്യാതെ ഞാൻ ക്ലബിലെ ബൗണ്‍സർമാരെ സഹായത്തിനുവിളിച്ചു.”
അതേസമയം ആരോപണങ്ങളോട് ജോണ്‍ വിജയ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 2018ല്‍ ഫസ്റ്റ്‌പോസ്റ്റുമായുള്ള അഭിമുഖത്തില്‍ തന്റെ പെരുമാറ്റം മോശമായതിന് ജോണ്‍ വിജയ് ക്ഷമ ചോദിച്ചിരുന്നു. ‘വളരെ സത്യസന്ധനായ വ്യക്തിയാണ് ഞാന്‍. എനിക്ക് മറ്റ് ഉദ്ദേശങ്ങള്‍ ഒന്നുമില്ല. ചില സമയങ്ങളില്‍ എന്റെ തമാശകള്‍ അത്ര തമാശയുള്ളതല്ല എന്നും, മറ്റുള്ളവര്‍ക്കത് മോശമായും തോന്നാം.എന്റെ സംഭാഷണം തമാശയായി തോന്നാത്തവരോട് അത്തരം കാര്യങ്ങള്‍ പിന്നീട് പറയാറില്ല. കൂടുതല്‍ സംസാരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുന്നതാണ് തന്റെ രീതി’ എന്നും ജോണ്‍ വിജയ് പറഞ്ഞിരുന്നു.അതേസമയം ഈ വിവാദങ്ങള്‍ നിലനില്‍ക്കുമ്ബോഴും ജോണ്‍ വിജയ് സിനിമയില്‍ സജീവമായി തുടരുന്നുണ്ട്.