നമ്മളുടെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ എന്തൊക്കെ ടെസ്റ്റുകളാണ് ഇന്ന് ലഭ്യമായിട്ടുള്ളത് അല്ലേ? മനസ്ഥിതി പരിശോധിക്കാൻ ആകട്ടെ ഒരുപാട് മനഃശാസ്ത്രജ്ഞരും നമുക്ക് ഉണ്ട്. ഇപ്പോഴിതാ ഒരാളുടെ വ്യക്തിത്വം മനസ്സിലാക്കുന്നതിനായി വളരെ വേഗത്തില്‍ നടപ്പിലാക്കാവുന്ന വ്യക്തിത്വ ടെസ്റ്റ് അവതരിപ്പിച്ചിക്കുകയാണ് സൈക്കോളജി പ്രൊഫസറായ റിച്ചാർഡ് വൈസ്മാൻ.
അദ്ദേഹം പങ്കുവെച്ചിരിക്കുന്ന പുതിയ വ്യക്തിത്വപരിശോധനയ്ക്ക് വെറും ഒരു മിനിറ്റും 23 സെക്കൻഡും മാത്രമേ സമയം ആവശ്യമുള്ളു. ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ വ്യക്തിത്വ ടെസ്റ്റായാണ് റിച്ചാർഡ് വൈസ്മാൻ ഇതിനെ വിശേഷിപ്പിക്കുന്നത്. പരിശോധനയ്ക്ക് വിധേയരാകാൻ ആഗ്രഹിക്കുന്ന വ്യക്തികളോട് കണ്ണടച്ച് ഇരുകൈകളും മുന്നിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടാണ് അദ്ദേഹം വ്യക്തിത്വ പരിശോധന ആരംഭിക്കുന്നത്. അപ്പോള്‍ ആ വ്യക്തി തന്റെ വലതു കൈ ഒരു ഹീലിയം ബലൂണ്‍ കൊണ്ട് മുകളിലേക്ക് വലിക്കുന്നതായി സങ്കല്‍പ്പിക്കണം, അതേസമയം തന്റെ ഇടതു കൈ പുസ്തകങ്ങള്‍ കൊണ്ട് വച്ച് ഭാരമുള്ളതായും.
കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം, പരിശോധനയില്‍ പങ്കെടുത്ത ആ വ്യക്തി കണ്ണുകള്‍ തുറന്ന് അവരുടെ കൈകളുടെ സ്ഥാനം നിരീക്ഷിക്കണം. വ്യക്തിയുടെ കൈകള്‍ വേറിട്ടുനിന്നാല്‍ അതിനർത്ഥം അവർക്ക് നല്ല ഭാവന ഉണ്ടെന്നും അവർ വൈകാരികമായി കാര്യങ്ങളോട് പ്രതികരിക്കുന്നവരാണെന്നുമാണ്. കൂടാതെ ഇത്തരക്കാർ പുസ്തകങ്ങളിലും സിനിമകളിലും എളുപ്പത്തില്‍ ലയിച്ച് ചേരുമെന്നും അദ്ദേഹം പറയുന്നു.
ഇനി കൈകള്‍ക്ക് പ്രത്യേകിച്ച് സ്ഥാനചലനം ഒന്നും സംഭവിച്ചിട്ടില്ലെങ്കില്‍ ആ വ്യക്തി കൂടുതല്‍ യുക്തിസഹവും കൂടുതല്‍ വിശകലനപരവുമായി ചിന്തിക്കുന്നവർ ആയിരിക്കും. വീഡിയോയുടെ തുടക്കത്തില്‍ ആരും അധികം ശ്രദ്ധിക്കാത്ത വിധത്തില്‍ ഒരു നായ്ക്കുട്ടിയുടെ പ്ലക്കാർഡും അദ്ദേഹം തനിക്ക് സമീപത്തായി വെച്ചിരുന്നു. കണ്ണടച്ച് താൻ പറഞ്ഞ കാര്യങ്ങള്‍ സങ്കല്‍പ്പിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ എപ്പോഴെങ്കിലും നായ്ക്കുട്ടിയുടെ ചിത്രം മനസ്സില്‍ തെളിഞ്ഞു വന്നവർ എല്ലാ കാര്യങ്ങളും അല്‍പം സംശയത്തോടെ നോക്കിക്കാണുന്നവർ ആയിരിക്കും എന്നും അദ്ദേഹം പറഞ്ഞു.