കോവിഡ് വ്യാപനത്തിന്റെയും ജനിതകവ്യതിയാനം വന്ന പുതിയ കൊറോണ വൈറസ് വ്യാപനത്തിനും ഇടയിൽ മസ്തിഷ്ക്കത്തെ നശിപ്പിക്കുന്ന നഗ്ലേറിയ ഫൗളേറി(Naegleria fowleri) എന്ന അമീബ യു.എസിൽ പരക്കുന്നു എന്ന് വാർത്തകൾ.
അമേരിക്കയിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനാണ് (സി.ഡി.സി.) ഈ വാർത്ത പുറത്തുവിട്ടത്. യു.എസിന്റെ ദക്ഷിണമേഖലകളിലാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എന്താണ് തലച്ചോറ് തിന്നുന്ന അമീബ
നഗ്ലേറിയ ഫൗളേറി ഒരു തരം അമീബയാണ്. 1965 ലാണ് ഈ അമീബയെ കണ്ടെത്തുന്നത്. ആദ്യം ഓസ്ട്രേലിയയിലാണ് കണ്ടു പിടിച്ചത് . ഇത് ബാധിക്കുന്നത് മസ്തിഷ്ക്കത്തിൽ തീവ്രമായ അണുബാധ ഉണ്ടാകാൻ ഇടയാക്കും. പ്രൈമറി അമീബിക് മെനിഞ്ചോഎൻസെഫലിറ്റിസ് എന്നാണ് ഇത് അറിയപ്പെടുന്നത്. ശുദ്ധജല സ്രോതസ്സുകളിലും മണ്ണിലുമൊക്കെയാണ് ഈ ബാക്ടീരിയ കാണപ്പെടുന്നത്.
45 ഡിഗ്രി ചൂടുള്ള വെള്ളത്തിൽ ഈ ബാക്ടീരിയ നിലനിൽക്കും. ഉപ്പുവെള്ളത്തിൽ ഇതിന് ജീവിക്കാനാവില്ല. ഈ ബാക്ടീരിയ അടങ്ങിയ വെള്ളത്തിൽ ഇറങ്ങുന്നവരുടെ മൂക്കിലൂടെയാണ് ഇത് ശരീത്തിനകത്ത് പ്രവേശിക്കുന്നത്.
മൂക്കിലേക്ക് കടക്കുന്ന ബാക്ടീരിയ മണം അറിയാൻ സഹായിക്കുന്ന ഓൾഫാക്ടറി നെർവിലൂടെ മസ്തിഷ്ക്കത്തിലേക്ക് പ്രവേശിക്കും. തുടർന്ന് പ്രൈമറി അമീബിക് മെനിഞ്ചോഎൻസെഫലിറ്റിസിന് ഇടയാക്കും. ഇത് മൂർച്ഛിച്ചാൽ മരണത്തിന് ഇടയാകും. ഈ ബാക്ടീരിയ ഉള്ള തടാകങ്ങൾ, പുഴകൾ തുടങ്ങിയവയിൽ നീന്തുന്നവരിലാണ് പൊതുവേ അണുബാധ കണ്ടുവരുന്നത്. രോഗം ബാധിച്ചവരിൽ നിന്ന് മറ്റുള്ളവരിലേക്ക് ഈ രോഗം ബാധിക്കില്ല.
ഈ രോഗത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാം
15 ദിവസത്തിന് ശേഷമാണ് ലക്ഷണങ്ങൾ കണ്ടുവരാറുള്ളത്. ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട് മൂന്നു മുതൽ ഏഴുദിവസത്തിനകം മരണം സംഭവിക്കാം.
തലവേദന, പനി, കഴുത്തിന് മരവിപ്പ്, വിശപ്പില്ലായ്മ, ഛർദി, മാനസികനിലയിൽ കാണുന്ന തകരാറുകൾ, അപസ്മാരം, ഹാലൂസിനേഷൻ, തൂങ്ങിയ കൺപോളകൾ, മങ്ങിയ കാഴ്ചകൾ, രുചി നഷ്ടപ്പെടൽ എന്നിവയൊക്കെയാണ് രോഗലക്ഷണങ്ങൾ.
ചികിത്സ രീതി
കൃത്യമായ ഒരുചികിത്സയില്ല. ചില മരുന്നുകൾ നൽകി ചില രോഗികൾ രക്ഷപ്പെട്ടിട്ടുണ്ട്. മുൻകരുതലാണ് പ്രധാനം. ചൂട് നിലനിൽക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും നീന്തുന്നതും ഒഴിവാക്കണം. ചെളിയിൽ കളിക്കുന്നതും ഒഴിവാക്കണം. മൂക്ക് വൃത്തിയാക്കാനും മുഖം കഴുകാനും ടാപ്പിൽ നിന്നുള്ള വെള്ളം ഉപയോഗിക്കരുത്. ശുദ്ധീകരിച്ച വെള്ളം മാത്രമേ ഉപയോഗിക്കാവൂ.
ഒരുപാട് പകർച്ചവ്യാധികൾ വരുന്ന സാഹചര്യത്തിൽ വ്യക്തമായ വിവരങ്ങൾ അറിഞ്ഞു വെക്കുക. ഒന്നിനെപ്പറ്റിയും ആകുലപ്പെടേണ്ട കാര്യമില്ല. പ്രതിരോധിക്കുക.