മഴക്കാലം തുടങ്ങിയപ്പോള്‍ മുതല്‍ പാമ്പുകള്‍ സ്‌കൂട്ടറിലും ബൈക്കിലും ഹെല്‍മെറ്റിനകത്തും കയറിയിരിക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നുതുടങ്ങി. വാഹനങ്ങളില്‍ മാത്രമല്ല ഊരിയിട്ടിരിക്കുന്ന ഷൂവിനകത്തും ഇവ കയറി ഇരിക്കുന്നത് സ്വാഭാവികമാണ്.
മാളങ്ങളില്‍ വെള്ളം കയറുന്നതോടെയാണ് പാമ്പുകള്‍ ജനവാസ പ്രദേശങ്ങളിലേക്ക് എത്തുന്നത്. തണുപ്പ് കാലത്ത് വാഹനങ്ങള്‍ക്കുള്ളിലെ ചൂടും ഇഴജന്തുക്കളെ ആകര്‍ഷിക്കും. പാമ്പ് പോലെയുള്ള ഉരഗങ്ങള്‍ തണുത്ത രക്തമുള്ളവയാണ്. അന്തരീക്ഷം തണുത്തുകഴിഞ്ഞാല്‍ ശരീരത്തിന്റെ ഊഷ്മാവ് നിലനിര്‍ത്താന്‍ പലപ്പോഴും ഇവ ചൂട് തേടി പുറത്തിറങ്ങാറുണ്ട്. വരണ്ടതും ചൂടുളളതുമായ സ്ഥലങ്ങള്‍ തേടി പാമ്പ് സ്‌കൂട്ടറിലേക്ക് ഇഴഞ്ഞു കയറിയേക്കും. പാമ്പുണ്ടായിരിക്കാന്‍ സാധ്യതയുള്ള കുറ്റിച്ചെടികളും മറ്റും നിറഞ്ഞുനില്‍ക്കുന്ന സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യാതിരിക്കുകയാണ് സ്വീകരിക്കാവുന്ന ഒരു പോംവഴി.
നിങ്ങള്‍ക്ക് അത്തരത്തിലൊരു അനുഭവം ഉണ്ടാവുകയാണെങ്കില്‍ പാമ്പിനെ സ്വയം നീക്കം ചെയ്യാന്‍ ശ്രമിക്കരുത്. അത് വലിയ അപകടമാണ്. വിദഗ്ധന്റെ സഹായം തേടുകയാണ് ഉത്തമം. കൂടാതെ ഈ ജീവികളെ മനപ്പൂര്‍വ്വം ഉപദ്രവിക്കാനോ കൊല്ലാനോ ശ്രമിക്കരുത്. കുറച്ച് ദിവസം നിര്‍ത്തിയിട്ട വാഹനങ്ങളൊക്കെയാണെങ്കിലും ഈ വാഹനങ്ങളില്‍ പാമ്പുകള്‍ കയറിയിരിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഇങ്ങനെയുള്ള വാഹനങ്ങള്‍ എടുക്കാന്‍ വരുമ്പോള്‍ പ്രത്യേകം ശ്രദ്ധവേണം.
പാമ്പുകളെ ഒഴിവാക്കാന്‍ വീട്ടില്‍ ചെയ്യാവുന്ന കാര്യങ്ങള്‍
പാമ്പുകള്‍ക്ക് ജീവിക്കാന്‍ അനുകൂലമായ സാഹചര്യം വീട്ടിലും പറമ്പിലും ഒഴിവാക്കുക എന്നതാണ് പ്രധാനമായും ചെയ്യേണ്ട കാര്യങ്ങള്‍. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. അടിക്കടി പറമ്പ് വൃത്തിയാക്കി പുല്ലും മറ്റും വെട്ടി വൃത്തിയാക്കുക. കരിയില, ഓല, കല്ലുകള്‍, പ്ലാസ്റ്റിക് വസ്തുക്കള്‍ ഇവ വീടിന്റെ പരിസരത്ത് കൂട്ടിയിടരുത്. ഇവയ്ക്കുള്ളില്‍ പാമ്പുകള്‍ വന്നിരുന്നാല്‍ അറിയാന്‍ സാധിക്കില്ല. പ്രത്യേകിച്ച് ജനലുകള്‍ക്കരികിലും പൂന്തോട്ടങ്ങളിലും മറ്റും.
വീട്ടുപരിസരത്ത് വെള്ളം കെട്ടി കിടക്കാന്‍ അനുവദിക്കരുത് . ഇത് പാമ്പുകള്‍ക്ക് ജീവിക്കാന്‍ ഒരു താവളമാണ്.
വീട്ടില്‍ വളര്‍ത്തുന്ന ജീവികളുണ്ടെങ്കില്‍ അവയ്ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടം കഴിക്കാന്‍ എലികള്‍ വരാന്‍ സാധ്യതയുണ്ട്. അവയെ പിടികൂടാന്‍ പാമ്പുകളും ഇവിടേക്ക് എത്താം. അതിനാല്‍ അത്തരം കാര്യങ്ങളിലും ശ്രദ്ധ വേണം.
പാമ്പ് ശല്യമുള്ള പ്രദേശങ്ങളില്‍ വെളുത്തുളളി ചതച്ച് ഇടുന്നതും കുന്തിരിക്കം പുകയ്ക്കുന്നതും പാമ്പുകളെ അകറ്റാന്‍ സഹായിക്കും. വെളുത്തുളളി ചതച്ച് വെള്ളത്തില്‍ കലക്കി ഈ വെള്ളം ചുറ്റുപാടും തളിക്കുക.
വിനാഗിരി, മണ്ണെണ്ണ ഇവയൊക്കെ വീട്ട് പരിസരത്ത് തളിക്കുന്നതും പാമ്പ് ശല്യം ഒഴിവാക്കാന്‍ സഹായിക്കും.
ചെണ്ടുമല്ലി, ജമന്തി ചെടികള്‍ പോലുളളവ അതിരുകളില്‍ വച്ചുപിടിപ്പിക്കാം. ഇവയുടെ ഗന്ധം പാമ്പുകളില്‍ അസ്വസ്ഥതയുണ്ടാക്കും.