അർജൻ്റീന സ്വദേശിയുടെ നഗ്നചിത്രം പകർത്തിയ കേസില്‍ ഗൂഗിളിന് തിരിച്ചടി. ഇരയാക്കപ്പെട്ട വ്യക്തിക്ക് 10.8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് കോടതി വിധിച്ചിരിക്കുന്നത്. 2017 -ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രസ്തുത വ്യക്തി തന്റെ വീട്ടുമുറ്റത്ത് നഗ്നനായി നില്‍ക്കുന്ന ചിത്രമാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ കാർ പകർത്തിയത്.
2019 -ലാണ് അർജൻറീന സ്വദേശിയായ വ്യക്തി ഗൂഗിള്‍ തൻറെ അന്തസ്സിന് കോട്ടം വരുത്തി എന്ന് ആരോപിച്ചുകൊണ്ട് കോടതിയെ സമീപിച്ചത്. ആറടി ഉയരമുള്ള ചുറ്റുമതിലിന് പിന്നില്‍ ആയിരുന്നിട്ടും ക്യാമറക്കണ്ണുകളില്‍ ഇദ്ദേഹത്തിൻറെ ദൃശ്യങ്ങള്‍ പതിയുകയായിരുന്നു. പ്രസ്തുത വ്യക്തിയുടെ പുറംതിരിഞ്ഞു നില്‍ക്കുന്ന നഗ്നചിത്രമാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ ഉള്‍പ്പെടുത്തിയത്. അദ്ദേഹത്തിൻറെ മുഖം ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നില്ല, എന്നാല്‍ വ്യക്തമായി കാണാമായിരുന്ന അദ്ദേഹത്തിന്റെ വീട്ടു നമ്ബറും സ്ട്രീറ്റിന്റെ പേരും ഗൂഗിള്‍ മറയ്ക്കാതിരുന്നതിനെ തുടർന്നാണ് ഇദ്ദേഹം ഗൂഗിളിനെതിരെ പരാതി നല്‍കിയത്.
തൻറെ നഗ്നചിത്രം ഗൂഗിളില്‍ പ്രചരിച്ചതോടെ ജോലിസ്ഥലത്തും അയല്‍ക്കാർക്കിടയിലും താൻ പരിഹാസപാത്രമായി മാറിയെന്നാണ് ഇദ്ദേഹം കോടതിയെ ബോധിപ്പിച്ചത്. ഒരു പോലീസ് ഉദ്യോഗസ്ഥനായ തനിക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. 2019 -ല്‍ ഫയല്‍ ചെയ്ത കേസ് ഒരു കീഴ് കോടതി ആദ്യം തള്ളിയെങ്കിലും അദ്ദേഹം വീണ്ടും മേല്‍ കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.
തുടർന്ന് ഈ മാസം ആദ്യം അപ്പീല്‍ പാനല്‍ കേസ് പരിഗണിക്കുകയും അദ്ദേഹത്തിന് അനുകൂലമായി വിധിക്കുകയും ചെയ്തു.ചുറ്റുമതിലിന് ആവശ്യത്തിന് ഉയരം ഇല്ലാത്തതിനാലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത് എന്നായിരുന്നു ഗൂഗിള്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഗൂഗിളിന്റെ വാദം തള്ളിയ കോടതി സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം അംഗീകരിക്കാൻ കഴിയില്ല എന്ന് വിധിപ്രസ്താവം നടത്തുകയായിരുന്നു.