സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പ്രകടനം വളർത്തുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നതിനായി ലോക ബാങ്ക് , കേന്ദ്ര എംഎസ്എംഇ വകുപ്പ്,
കേരള വ്യവസായ വകുപ്പ് എന്നിവ സംയുക്തമായി
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഏകദിന റാമ്പ് എംഎസ്എംഇ ക്ലിനിക് സംഘടിപ്പിച്ചു.
കൽപ്പറ്റ ഗ്രീൻഗേറ്റ് ഹോട്ടലിൽ
അസിസ്റ്റന്റ് കളക്ടർ പി പി അർച്ചന ഉദ്ഘാടനം ചെയ്തു.
സംരംഭകരോട് ഏറെ ബഹുമാനമുണ്ടെന്നും വരും കാലങ്ങളിൽ എംഎസ്എംഇ യൂണിറ്റുകളുടെ പേരിൽ ജില്ല അറിയപ്പെടണമെന്നും അസിസ്റ്റന്റ് കളക്ടർ പറഞ്ഞു.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ പ്രധാന പങ്ക് വഹിക്കുന്ന എംഎസ്എംഇ മേഖലയുടെ വളർച്ചയ്ക്കും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും മത്സര ശേഷി വളർത്തുന്നതിനും എംഎസ്എംഇകൾക്കുള്ള പിന്തുണ കൂടുതൽ വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് റൈസിങ് ആൻഡ് ആക്സലറേറ്റിങ് എംഎസ്എംഇ
പെർഫോമൻസ് (റാമ്പ്).
എംഎസ്എംഇകൾ ആരംഭിക്കുന്നതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശം നൽകുന്നതിനും ലൈസൻസിങ് ജിഎസ്ടി, വിപണനം, ധനസഹായം, കയറ്റുമതി, ബാങ്കിങ്, ടെക്നോളജി എന്നീ മേഖലകളിലെ വിദഗ്ധരുടെ സേവനം ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് റാമ്പ് പരിപാടിയുടെ ഭാഗമായുള്ള എംഎസ്എംഇ ക്ലിനിക് ലക്ഷ്യമാക്കുന്നത്. ഇതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷ, ജിഎസ്ടി, ലീഗൽ മെട്രോളജി, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നൽകി. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ എ ജിഷ അധ്യക്ഷയായ പരിപാടിയിൽ ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ അശ്വിൻ പി കുമാർ, സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി ഡി സുരേഷ് കുമാർ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ( ക്രഡിറ്റ്) പി എസ് കലാവതി, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാർ വി എൻ സജിത്ത് കുമാർ, വകുപ്പ് ഉദ്യോഗസ്ഥർ,
വിവിധ മേഖലകളിലെ സംരംഭകർ എന്നിവർ പങ്കെടുത്തു.