യുവേഫ ചാംപ്യന്‍സ് ലീഗ് 2025-26 സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ തുടക്കം. നാപ്പോളിക്കെതിരായ മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകളുടെ വിജയമാണ് മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയത്. സിറ്റിക്ക് വേണ്ടി എര്‍ലിങ് ഹാലണ്ടും ജെറെമി ഡോക്കുവും ഓരോ ഗോള്‍ വീതം നേടി.
ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യപകുതി ഗോള്‍രഹിതമായാണ് പിരിഞ്ഞത്. മത്സരത്തിന്റെ 21ാം മിനിറ്റില്‍ നാപ്പോളിയുടെ ജിയോവന്നി ഡി ലോറെന്‍സോയ്ക്ക് റെഡ് കാര്‍ഡ് കണ്ട് പുറത്തുപോവേണ്ടിവന്നത് തിരിച്ചടിയായി. ഇതോടെ നാപ്പോളി പത്തുപേരായി ചുരുങ്ങി.
ഈ ആനുകൂല്യം മുതലെടുത്താണ് മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം പകുതിയില്‍ കരുക്കള്‍ നീക്കിയത്. അതിന്റെ ഫലമായി 56ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ സിറ്റി ലീഡെടുത്തു. ഫില്‍ ഫോഡന്റെ അസിസ്റ്റില്‍ സൂപ്പര്‍ സ്ട്രൈക്കര്‍ എര്‍ലിങ് ഹാലണ്ട് നാപ്പോളിയുടെ വലകുലുക്കി. 65-ാം മിനിറ്റില്‍ ജെറെമി ഡോകു കൂടി ഗോള്‍ നേടിയതോടെ സിറ്റി വിജയമുറപ്പിച്ചു.