ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് , ജെ ഡി ഇ പീറ്റസ്, ഐ ഡി എച് എന്നിവരുടെ പിന്തുണയോടെ ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യ എന്ന സന്നദ്ധസംഘടന വയനാട് ജില്ലയിൽ നടപ്പിലാക്കിവരുന്ന ഇന്ത്യ കോഫി കാലാവസ്ഥ പ്രതിരോധ ഭൂപ്രകൃതി (ICCRL) പദ്ധതിയുടെ ഭാഗമായി പനമരം, കുണ്ടാലയിൽ കർഷക താല്പര്യ കൂട്ടായ്മകളുടെ പരിശീലനവും മാതൃക കർഷകർക്ക് കാർഷികോപാധികളുടെവിതരണവും സംഘടിപ്പിച്ചു.
പരിപാടി ഐ.സി.സി.ആർ.എൽ വയനാട് ജില്ലാ പ്രൊജക്റ്റ് മാനേജർ സ്റ്റെഫിൻ സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഐ.സി.സി.ആർ.എൽ. കാർഷിക ഓഫീസർ അനഘ എൻ.എ പരിശീലന പരിപാടി കൈകാര്യം ചെയ്തു. കർഷകർക്ക് വിതരണം ചെയ്ത വസ്തുക്കളുടെ പ്രാധാന്യം, ഉപയോഗ രീതികൾ, അവയുടെ പ്രയോജനങ്ങൾ തുടങ്ങിയവയെക്കുറിച്ച് വിശദീകരിച്ചു.
വൈത്തിരി, മാനന്തവാടി, പനമരം താലൂക്കുകളിൽ നിന്ന് തിരഞ്ഞെടുത്ത 40 മാതൃക കർഷകർക്ക്കാപ്പി തൈകൾ, കുരുമുളക് തൈകൾ, വെർമി ബെഡ്, ബ്രോക്കോ ട്രാപ്പുകൾ, ജൈവവളങ്ങൾ, ട്രൈകോഡെർമ, ആവരണ വിളകളുടെ വിത്തുകൾ എന്നിവ കൈമാറി.
പദ്ധതിയുടെ ഭാഗമായുള്ള ഈ ഇടപെടലുകൾ പുനരുജ്ജീവന കൃഷി രീതികളുടെ പ്രചാരണം, മണ്ണിന്റെയും വിളകളുടെയും ആരോഗ്യ വർദ്ധിപ്പിക്കുക , കീടരോഗങ്ങളുടെ നിയന്ത്രണം, കൂടാതെ കർഷകരുടെ വരുമാന സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിന് സഹായകരമാകുമെന്ന് സംഘാടകർ അറിയിച്ചു.