കൽപ്പറ്റ: ഖജനാവിലെ പണം മുഴുവൻ സർക്കാർ സ്പോൺസേർഡ് പരസ്യങ്ങൾക്കും പി.ആർ ഏജസികൾക്കും വാരിക്കോരിക്കൊടുത്ത് ധൂർത്തടിച്ച് കാലിയാക്കിയ ശേഷം സോഫ്റ്റ് വെയറിൻ്റെ പേരുപറഞ്ഞ് ട്രഷറി സ്തംഭനം അടിച്ചേൽപ്പിക്കുകയാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു. ഒരാഴ്ച പിന്നിട്ടിട്ടും ജീവനക്കാർക്കും പെൻഷൻകാർക്കും ശമ്പളവും പെൻഷനും നൽകാൻ കഴിഞ്ഞിട്ടില്ല. സ്വന്തക്കാർക്കും പാർട്ടിക്കാർക്കും പിൻവാതിൽ നിയമനങ്ങൾ നടത്തി ഖജനാവ് കൊള്ളയടിച്ച് സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി തകർത്തതിൻ്റെ പരിണിത ഫലമാണ് ഇതെന്ന് ജില്ലാ ട്രഷറിക്കു മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് പറഞ്ഞു.
തുടർച്ചയായി ഉണ്ടാകുന്ന ട്രഷറി സ്തംഭനം ഒഴിവാക്കുക, ട്രഷറി വകുപ്പിൽ ഓഫീസ് അറ്റഡൻ്റ്, ടൈപ്പിസ്റ്റ് തസ്തികകൾ നിർത്തലാക്കാനുള്ള ശമ്പള കമ്മീഷൻ ശുപാർശ തള്ളിക്കളയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ ധർണ്ണ. ലൈജു ചാക്കോ അധ്യക്ഷത വഹിച്ചു. ടി. അജിത്ത്കുമാർ, സി.ആർ അഭിജിത്ത്, ഗ്ലോറിൻ സെക്വീര, ജോസ് കെ.എ, റോബിൻസൺ ദേവസ്സി, പി.ജെ ഷിജു, റെജീസ് കെ.തോമസ്, സതീശൻ തുടങ്ങിയവർ സംസാരിച്ചു.