കൊവിഡ് 19 രണ്ടാം തരംഗം രൂക്ഷമാകുന്നത് തടയാന്‍ വിവിധ സംസ്ഥാനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിനിടെ വൈറലായി ആള്‍ക്കൂട്ടത്തിന്റെ വീഡിയോ. കര്‍ണാടകയിലെ ചിക്കമംഗ്ളൂരില്‍ റോഡില്‍ അപകടത്തില്‍പ്പെട്ട ബിയര്‍ ലോറിയില്‍ നിന്ന് കുപ്പികള്‍ എടുത്തുകൊണ്ടുപോകാന്‍ ശ്രമിക്കുന്ന ആള്‍ക്കൂട്ടത്തിന്റേതാണ് വീഡിയോ. ഏപ്രില്‍ 20നാണ് ചിക്കമംഗ്ളൂരിലെ തരിക്കെരി താലൂക്കിലെ എം സി ഹള്ളിക്ക് സമീപമാണ് ബിയര്‍ ലോറി മറിഞ്ഞത്.
നന്‍ജന്‍ഗുണ്ടിലെ കിംഗ്ഫിഷര്‍ ഡിസ്റ്റിലറിയില്‍ നിന്നുള്ളതായിരുന്നു അപകടത്തില്‍പ്പെട്ട ലോറി. അപകട വിവരമറിഞ്ഞ് സ്ഥലത്തേക്ക് എത്തിയവര്‍ മറിഞ്ഞത് ബിയര്‍ ലോറിയാണെന്ന് വിശദമാക്കിയതോടെ കൊവിഡ് പ്രൊട്ടോക്കോള്‍ പോയിട്ട് മാസ്ക് പോലുമില്ലാതെ നിരവധിയാളുകളാണ് ഇവിടേക്ക് എത്തിയത്. കയ്യില്‍ ഒതുങ്ങാവുന്നതും കവറില്‍ ഒതുങ്ങാവുന്നതും പൊട്ടാത്ത കേസുകളുമായി നാട്ടുകാര്‍ തിക്കുംതിരക്കുമായി. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനായി വളരെ കുറച്ച് പൊലീസുകാര്‍ മാത്രമാണ് അപകട സ്ഥലത്ത് ഉണ്ടായിരുന്നത്.
ബെംഗളുരുവില്‍ നിന്ന് ശിവമോഗയിലേക്ക് പോവുകയായിരുന്ന ബിയര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ട് തലകീഴായി മറിഞ്ഞത്. വിവരമറിഞ്ഞ സ്ഥലത്ത് കൂടുതല്‍ പൊലീസ് എത്തിയെങ്കിലും ലോറിയിലുണ്ടായിരുന്ന പകുതിയിലധികം ബിയര്‍ ബോക്സുകള്‍ നാട്ടുകാര്‍ കൊണ്ടുപോയിരുന്നു. രാജ്യത്തെങ്ങും കൊവിഡ് 19 രൂക്ഷമാകുന്നതിനിടയിലാണ് കര്‍ണാടകയില്‍ നിന്നുള്ള ഈ ദൃശ്യം എത്തുന്നത്.