ന്യൂഡൽഹി: കോവിഡ് വ്യാപനം കൂടുതലുള്ള ജില്ലകൾ ഒന്നരമാസം മുതൽ രണ്ടുമാസംവരെ അടച്ചിടണമെന്ന് ഐ.സി.എം.ആർ. രോഗസ്ഥിരീകരണനിരക്ക് പത്തുശതമാനത്തിൽ കൂടുതലുള്ള ജില്ലകളിൽ രോഗം നന്നായി കുറഞ്ഞാലേ കോവിഡ് നിയന്ത്രണ വിധേയമാക്കാനാവൂയെന്ന് ഐ.സി.എം.ആർ. ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു.
രോഗസ്ഥിരീകരണനിരക്ക് പത്തിൽനിന്ന് അഞ്ചു ശതമാനമെങ്കിലും ആയാൽ ജില്ലകൾ തുറന്നുകൊടുക്കാം. ഇന്നത്തെ നിലയ്ക്ക്അതിന് ആറുമുതൽ എട്ടുവരെ ആഴ്ചയെടുക്കും. ഡൽഹിയിൽ രോഗവ്യാപന നിരക്ക് 17 ശതമാനമായി കുറഞ്ഞിട്ടുണ്ടെങ്കിലും ഉടനെ അടച്ചിടൽ അവസാനിപ്പിച്ചാൽ വലിയ ദുരന്തം സംഭവിക്കുമെന്ന്അദ്ദേഹം മുന്നറിയിപ്പു നൽകി.
പത്തുശതമാനത്തിൽ കൂടുതൽ പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകൾ അടച്ചിടണമെന്ന് ഏപ്രിൽ 15-ന്റെ ദേശീയ അവലോകന യോഗത്തിൽതന്നെ ശുപാർശ ചെയ്തിരുന്നുവെന്ന് ബൽറാം ഭാർഗവ പറഞ്ഞു. രോഗവ്യാപനം പത്തു ശതമാനത്തിൽ കൂടുതലുള്ള 533 ജില്ലകളുണ്ട്.