പുല്‍പ്പള്ളി:പുല്‍പ്പള്ളി ഭൂദാനം കുമിച്ചി ശശി (46) യാണ് മരിച്ചത്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ മൂലങ്കാവ് ശാഖയിലെ ക്ലര്‍ക്കായിരുന്ന ഇദ്ദേഹത്തിന് ആഗസ്റ്റ് 22നാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ജില്ലാശുപത്രി കോവിഡ് കെയര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.കോവിഡ് രോഗബാധയെ തുടര്‍ന്നുള്ള ശ്വാസകോശ രോഗവും, പ്രമേഹവും മൂലം അവശനായ ഇദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞയാഴ്ച ആന്റിജന്‍ പരിശോധന നടത്തിയതില്‍ ഇദ്ദേഹം കോവിഡ് നെഗറ്റീവ് ആയിരുന്നുവെങ്കിലും മരണത്തിലേക്ക് നയിച്ചത് കോവിഡ് ആണെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന സൂചനകള്‍.
പനി ബാധയെ തുടര്‍ന്ന് ആദ്യം ചീരാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കാണിച്ചപ്പോള്‍ വൈറല്‍ പനിയാണെന്നാണ് പറഞ്ഞതെന്നും, തുടര്‍ന്ന് രണ്ട് തവണ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴും വൈറല്‍ പനിയാണെന്നാണ് പറഞ്ഞിരുന്നതെന്നും ശശിയുടെ സഹോദരന്‍ പറഞ്ഞു. കോവിഡ് പരിശോധന നടത്താന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നും ഒടുവില്‍ അങ്ങോട്ട് നിര്‍ബന്ധം പിടിച്ചാണ് പരിശോധന നടത്തിയതെന്നും അതില്‍ പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നൂവെന്നും അദ്ധേഹം പരാതിപ്പെട്ടു. ആദ്യം തന്നെ പരിശോധന നടത്തിയിരുന്നുവെങ്കില്‍ ശശിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നൂവെന്നും അവര്‍ വ്യക്തമാക്കി.ഭാര്യ:ഗംഗ.മക്കള്‍:ചൈത്ര,മാധവ് .