കാലാവസ്ഥ വ്യതിയാനവും മനുഷ്യ ആരോഗ്യവും ദേശീയ പരിപാടിയുടെ ജില്ലാ ടാസ്ക് ഫോഴ്സ്, ജില്ലാ ക്ഷയരോഗ നിവാരണ ബോർഡ്, എച്ച് ഐ വി എയ്ഡ്സ് ഇന്റർ സെക്ടറൽ യോഗങ്ങൾ ജില്ലാ കലക്ടർ ഡി ആർ മേഘശ്രീയുടെ അദ്ധ്യക്ഷതയിൽ കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്നു.
കാലാവസ്ഥ വ്യതിയാനം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ, പുതുതായി ആവിർഭവിക്കുന്നതും പുനരാവിർഭവിക്കുന്നതുമായ രോഗങ്ങൾ, അന്തരീക്ഷ മലിനീകരണം, കാർബൺ ന്യൂട്രൽ സ്ഥാപനങ്ങളിലേക്കുള്ള പരിവർത്തനം എന്നീ വിഷയങ്ങളിൽ വിവിധ വകുപ്പുകൾ ചേർന്ന് പ്രവർത്തിക്കണമെന്ന് ജില്ലാ കലക്ടർ പറഞ്ഞു.
2030 ഓടെ ജില്ലയിൽ ക്ഷയരോഗ നിവാരണം ലക്ഷ്യമിട്ടുകൊണ്ടുള്ള കർമ്മപദ്ധതി ക്ഷയരോഗ നിവാരണ ബോർഡ് യോഗത്തിൽ അവലോകനം ചെയ്തു. ടിബി മുക്ത് ഭാരത് അഭിയാൻ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ എല്ലാവരെയും ക്ഷയരോഗ സ്ക്രീനിങ്ങിന് വിധേയരാക്കുകയും എല്ലാ ഗ്രാമപഞ്ചായത്തുകളും ക്ഷയരോഗമുക്ത പഞ്ചായത്തുകളാക്കി മാറ്റുകയും ചെയ്യും.
ജില്ലയിലെ മൂന്ന് ടിബി ചാമ്പ്യന്മാരെ യോഗത്തിൽ ആദരിച്ചു. എച്ച് ഐവി ബാധിതരിലെ ക്ഷയരോഗ സാധ്യതയെ കുറിച്ചുള്ള ഹ്രസ്വ സിനിമയുടെ പ്രകാശനം കലക്ടർ നിർവഹിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി മോഹൻദാസ്, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി ദിനീഷ്, ജില്ലാ ടിബി ഓഫീസർ ഡോ. പ്രിയ സേനൻ, നാഷണൽ പ്രോഗ്രാം ഒൺ ക്ലൈമറ്റ് ചെയ്ഞ്ച് ആന്റ് ഹ്യൂമൻ ഹെൽത്ത് ജില്ലാ നോഡൽ ഓഫീസർ ഡോ. കെ ആർ ദീപ, കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ക്ലസ്റ്റർ കോർഡിനേറ്റർ പ്രിൻസ് ജോർജ് എന്നിവർ വിഷയാവതരണങ്ങൾ നടത്തി. വിവിധ വകുപ്പ് മേധാവികളും സംഘടനാ പ്രതിനിധികളും പ്രോഗ്രാം ഓഫീസർമാരും പങ്കെടുത്തു.