ദ ന്യൂയോർക്ക് പോസ്റ്റിൽ വന്ന ഒരു റിപ്പോർട്ടാണ് ആഗോള തലത്തിൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. ലാത്വിയ എന്ന യൂറോപ്യൻ രാജ്യത്ത് ജെൻഡർ ഇമ്പാലൻസ് സംഭവിച്ചിരിക്കുകയാണ്. ആണുങ്ങളുടെ എണ്ണത്തിൽ വലിയ കുറവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഇതോടെ ഇവിടുത്തെ സ്ത്രീകൾ ഭർത്താക്കന്മാരെ വാടകയ്ക്ക് എടുക്കുകയാണെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. വീട്ടിലെ കാര്യങ്ങൾ ഉൾപ്പെടെ നോക്കാനായാണ് ഇത്തരത്തിൽ സ്ത്രീകൾ താത്കാലിക ഭർത്താക്കന്മാരെ ഹയർ ചെയ്യുന്നതെന്നാണ് പറയുന്നത്.
യൂറോസ്റ്റാറ്റ് എന്ന യൂറോപ്യൻ കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം ലാത്വിയയിൽ പുരുഷന്മാരെക്കാൾ 15.5ശതമാനത്തിലധികം സ്ത്രീകളാണ്. യൂറോപ്യൻ യൂണിയനെ മുഴുവൻ പരിഗണിച്ചാൽ അതിന്റെ മൂന്നിരട്ടി വരുമിത്. അറുപത്തിയഞ്ച് വയസിന് മുകളിലുള്ള ആളുകളെ പരിഗണിച്ചാൽ, ഈ രാജ്യത്ത് വനിതകളുടെ എണ്ണം പുരുഷന്മാരുടെ ഇരിട്ടിയാണത്രേ.
ദൈന്യദിന ജീവിതത്തിലും എന്തിന് ജോലി ചെയ്യുന്ന ഇടങ്ങളിൽ പോലും പുരുഷന്മാരുടെ ഈ കുറവ് മനസിലാക്കാൻ കഴിയുമെന്നാണ് സ്ത്രീകൾ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. കൂടെ ജോലി ചെയ്യുന്നവരെല്ലാം സ്ത്രീകളാണെന്ന് പല സ്ത്രീകളും പറയുന്നുണ്ട്. സ്ത്രീകൾക്കൊപ്പം പ്രവർത്തിക്കുന്നത് സന്തോഷമാണെങ്കിലും ഇരുവിഭാഗത്തിലുമുള്ള ആളുകള്‍ക്കൊപ്പം പ്രവർത്തിക്കുന്നതാണ് കൂടുതൽ മികച്ച അനുഭവം നല്‍കുക എന്നാണ് ചിലർ പറയുന്നത്.








