പലപ്പോഴും ഗൗരവമായ രോഗങ്ങൾ നിർണയിക്കപ്പെടുന്നത് അപ്രതീക്ഷിതമായിട്ടാകും. ഇത്രയും ആരോഗ്യമുള്ള ഒരു വ്യക്തിക്ക് എങ്ങനെ ഈ അസുഖം വന്നതെന്ന് പലപ്പോഴും ചിന്തിക്കും. പക്ഷേ എപ്പോഴും പറയുന്നത് പോലെ ശരീരം ആദ്യം തന്നെ പല അടയാളങ്ങളും കാണിക്കുന്നുണ്ടാവും. സൂക്ഷ്മമായ ഈ അടയാളങ്ങൾ എന്താണെന്ന് പലരും ശ്രദ്ധിക്കാറില്ല.
ശരീരത്തിന്റെ താഴെയുള്ള ഭാഗം, കാലുകൾ, പാദങ്ങൾ എന്നിവ ഹൃദയം, വൃക്ക, രക്തചക്രമണം എന്നിവയുമായി ബന്ധപ്പെട്ട അടയാളങ്ങൾ കാണിക്കും. പക്ഷേ പലരും ഈ അടയാളങ്ങൾ അവഗണിക്കും. വാർധക്യത്തിലേക്ക് കടക്കുന്നതിന്റെയോ അല്ലെങ്കിൽ ക്ഷീണമെന്ന പേരിലോ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കും. ഇത്തരം അടയാളങ്ങൾ ശ്രദ്ധിച്ചാൽ അത് ആരോഗ്യത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് ഡോ കുനാൽ സൂദ് പറയുന്നത്.
വെരിക്കോസ് വെയിൻ എന്ന അവസ്ഥയാണ് നിങ്ങൾക്ക് എങ്കിൽ കാലുകളിൽ ഞരമ്പുകൾ വികസിച്ച് നിൽക്കുന്നതായി കാണാം. ഇത് ഹൃദയവാൽവുകൾ ദുർബലമായതിന്റെയും ഞരമ്പിലൂടെ അശുദ്ധ രക്തം തിരികെ ഹൃദയത്തിലെത്തുന്നത് തടസപ്പെടുന്നതിന്റെയും ലക്ഷണമാണ്. കാലുകളിലും പാദങ്ങളിലും നീലനിറത്തിൽ ഞരമ്പുകൾ തെളിഞ്ഞ് കാണപ്പെടും. ഇത്തരത്തിൽ വളരെ നന്നായി കാണാൻ കഴിയുന്ന വളഞ്ഞ്പുളഞ്ഞ രീതിയിലുള്ള ഞരമ്പുകൾ വെരിക്കോസ് വെയിന്റെ സി-2 സ്റ്റേജിൽ ഉൾപ്പെട്ടതാണ്. സമയം പോകുന്നതിന് അനുസരിച്ച് വേദന, ചർമത്തിലെ നിറംമാറ്റം, ഭാരം എന്നിവ അനുഭവപ്പെടും.
രണ്ട് കണങ്കാലുകളിലും നീർവീക്കം ഉണ്ടാകുന്നത് ഹൃദയം, വൃക്ക, കരൾ സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവയുടെ ലക്ഷണമാണ്. രണ്ട് ഭാഗത്തും ഇത്തരത്തിൽ നീർവീക്കമുണ്ടാകുന്നത് രക്തചക്രമണം കുറഞ്ഞതിന്റെ ലക്ഷണമാണ്. മാത്രമല്ല ഞരമ്പുകളിലെ സമ്മർദം കൂടിയെന്നും മനസിലാക്കാം. ഗുരുതരമായ വസ്ഥയിലാണ് കാര്യങ്ങളെങ്കിൽ ഭാരം, വേദന, നീർവീക്കം എന്നിവ കുറേനേരം നിൽക്കുമ്പോഴോ ഇരിക്കുമ്പോഴോ ഉണ്ടാകും. റെസ്റ്റ് എടുത്തിട്ടും ഇത്തരം നീർവീക്കം മാറിയില്ലെങ്കിൽ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.
തണുത്ത് വിളറിയ പാദങ്ങളും നടക്കുമ്പോഴുള്ള വേദനയും മറ്റൊരു മുന്നറിയിപ്പാണ്. ഈ ലക്ഷണങ്ങളെല്ലാം ഒന്നിച്ച് സംഭവിക്കുന്നത ചുരുങ്ങിപ്പോയ ധമനികളിൽ രക്തയോട്ടം തടസപ്പെടുമ്പോഴാണ്. ഇതോടെ പാദങ്ങൾ തണുക്കും മാത്രമല്ല വിളറിയ രീതിയിലും കാണപ്പെടും. നടക്കുമ്പോൾ വേദനയും പേശികളിലെ അസ്വസ്ഥതയും ഉണ്ടാകും. ഇതിനെ പെരിഫെറൽ ആർട്ടീരിയൽ ഡിസീസ് എന്നാണ് പറയുന്നത്. ഈ അവസ്ഥ മൂലം മുറിവുകൾ ഉണങ്ങാത്ത അവസ്ഥ ഉണ്ടാകും.








