മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ അക്രമിച്ച കേസില്‍ അറസ്റ്റിലായ നാലു പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. മാത്യൂസ് കൊല്ലപ്പള്ളി, ടോണി,ഷിയാസ, അക്ബര്‍ എന്നിവര്‍ക്കാണ് തൊടുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കിയത്. ശനിയാഴ്ച്ച വൈകുന്നേരത്തോടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ തൊടുപുഴയില്‍ വച്ചായിരുന്നു ഷാജന്‍ സ്‌കറിയ ആക്രമിക്കപ്പെട്ടത്.
ഷാജന്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം ഇടിച്ച് നിര്‍ത്തിച്ച ശേഷമാണ് ആക്രമണം നടത്തിയത്. അക്രമികളെ കണ്ടാല്‍ അറിയാമെന്നും ഇവര്‍ സിപിഎം പ്രവര്‍ത്തകരാണെന്നും ഷാജന്‍ സ്‌കറിയ മൊഴി നല്‍കിയിരുന്നു. ഷാജന്‍ സ്‌കറിയയെ സംഘം ചേര്‍ന്ന് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
കഴിഞ്ഞ ദിവസം ബംഗളൂരുവിലെത്തിയാണ് തൊടുപുഴ പോലീസ് പ്രതികളെ പിടികൂടിയത്. വധശ്രമം, സംഘം ചേര്‍ന്ന് തടഞ്ഞുവെച്ച് ആക്രമിച്ചു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്. ശനിയാഴ്ച വൈകിട്ട് ആറേ മുക്കാലോടെ, ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഷാജനെ ജീപ്പിലെത്തിയ അഞ്ച് പേര്‍ തൊടുപുഴയ്ക്കടുത്ത് മങ്ങാട്ടുകവലയില്‍ വച്ച് മര്‍ദിക്കുകയായിരുന്നു. ആദ്യം ഷാജന്‍ സഞ്ചരിച്ചിരുന്ന കാറില്‍ ജീപ്പുകൊണ്ടിടിച്ചു. വാഹനം നിര്‍ത്തിയപ്പോള്‍ വാതില്‍ തുറന്ന് മുഖത്ത് ഇടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ ദിവസം തന്നെ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. പ്രതികള്‍ മറ്റൊരു കാറിലാണ് ബംഗളൂരുവിലേക്ക് പോയത്.
ഇതില്‍ ഒരാള്‍ ഇടയ്ക്ക് ഫോണ്‍ ഓണാക്കിയതോടെയാണ് പ്രതികള്‍ അവിടെയാണെന്ന് പോലീസിന് വ്യക്തമായത്. തൊടുപുഴ സിഐ എസ്.മഹേഷ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ഉടന്‍ ബംഗളൂരുവിലെത്തി പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.ആക്രമിക്കാന്‍ പ്രതികള്‍ എത്തിയ കറുത്ത ജീപ്പും കണ്ടെത്തണം. മാത്യൂസ് കൊല്ലപ്പള്ളിയെ വ്യക്തിഹത്യ ചെയ്യുന്ന രീതിയില്‍ വാര്‍ത്ത നല്‍കി എന്ന് ആരോപിച്ചാണ് ഷാജനെ പ്രതികള്‍ മര്‍ദിച്ചതെന്നാണ് വിവരം.