കോവിഡ് പ്രതിരോധത്തില്‍ പോഷകാഹാരത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ ജില്ലാ സാമൂഹിക നീതി വകുപ്പുമായി സഹകരിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ വയനാട് ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ വെബിനാര്‍ സംഘടിപ്പിച്ചു. പോഷക മാസാചരണത്തിന്റെ ഭാഗമായി മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ ആഭിമുഖ്യത്തിലാണ് വെബിനാര്‍ നടത്തിയത്. മഞ്ചേരി യൂണിറ്റി വനിതാ കോളേജ് ഹോം സയന്‍സ് അസോ. പ്രൊഫസര്‍ ഡോ. ആനി നൈനാന്‍ ക്ലാസെടുത്തു.
ശരിയായ അളവില്‍ സമീകൃതാഹാരം ശീലമാക്കുന്നത് സ്വാഭാവികമായ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും അതുവഴി കോവിഡ് പോലെയുള്ള അസുഖങ്ങളെ ചെറുത്തുനില്‍ക്കാനാകുമെന്നും ഡോ. ആനി പറഞ്ഞു. കൃത്യമായ ആഹാരക്രമം, ചിട്ടയായ ലഘു വ്യായാമങ്ങള്‍, ആവശ്യത്തിന് വിശ്രമം എന്നിവയാണ് ആരോഗ്യമുള്ള വ്യക്തിയെ വാര്‍ത്തെടുക്കുന്നതെന്നും അവര്‍ പറഞ്ഞു. മാനന്തവാടി അഡീഷണല്‍ സി.ഡി.പി.ഒ രാജാംബിക ഒ.എസ്., ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ പ്രജിത്ത് കുമാര്‍, സി. ഉദയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നൂറിലധികം പേര്‍ പങ്കെടുത്തു.