ഇൻസ്റ്റഗ്രാം, യൂട്യൂബ്, ടിക്ടോക്ക് എന്നിവയിലൂടെയെല്ലാം ചിരപരിചിതരായ അനേകം ആളുകൾ ഇന്നുണ്ട്. പലർക്കും ഇന്ന് ഇവയെല്ലാം ഒരു വരുമാന മാർഗം കൂടിയാണ്. അതിൽ മികച്ച കണ്ടന്റുകളുണ്ട്. വെറുതെ തട്ടിക്കൂട്ടുന്നവയുണ്ട്, ആളുകളുടെ വിമർശനം കൊണ്ട് വരുമാനം നേടുന്നവയുണ്ട്, എല്ലാമുണ്ട്. എന്നാൽ, ആളുകൾക്ക് തീരെ അംഗീകരിക്കാൻ കഴിയാത്ത വിഷയത്തിൽ വീഡിയോ ചെയ്യുന്നവരും അനവധി ഉണ്ട്.
അതുപോലെ ഒരു യൂട്യൂബർ ഇപ്പോൾ വിമർശനം നേരിടുകയാണ്. കാര്യം മറ്റൊന്നുമല്ല മുത്തച്ഛന്റെ അന്ത്യകർമ്മങ്ങളുടെ വ്ലോഗ് ചെയ്തു. ഇത് തികച്ചും അനുചിതമായിപ്പോയി എന്നാണ് നെറ്റിസൺസിന്റെ അഭിപ്രായം. ലക്ഷയ് ചൗധരി എന്ന യൂട്യൂബറാണ് ഇപ്പോൾ തന്റെ അമ്മയുടെ പിതാവിന്റെ ശവസംസ്കാര ചടങ്ങുകളിൽ നിന്നുള്ള വീഡിയോ എടുത്ത് യൂട്യൂബിൽ പങ്ക് വച്ചതിന് വിമർശനം നേരിട്ടു കൊണ്ടിരിക്കുന്നത്. അധികം വൈകാതെ തന്നെ വീഡിയോ വൈറലായി. വൈറലായത് വേറൊന്നും കൊണ്ടല്ല, അത്രയേറെ വിമർശനങ്ങളാണ് അതിന് വരുന്നത്.
Lakshay Chaudhary Vlogs എന്ന ലക്ഷയ്‍യുടെ യൂട്യൂബ് ചാനൽ നാല് മില്ല്യൺ ആളുകളാണ് സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത്. മാർച്ച് 18 -നായിരുന്നു യൂട്യൂബറുടെ വീട്ടിൽ അമ്മയുടെ പിതാവിന്റെ അന്ത്യകർമ്മങ്ങൾ നടന്നത്. ചടങ്ങുകളുടെ വീഡിയോ ആണ് ഇയാൾ പോസ്റ്റ് ചെയ്തത്. മുത്തച്ഛനെ കുറിച്ച് പറയുമ്പോൾ ‘കുറ്റബോധം ഒന്നും തന്നെ ഇല്ലാതെ ഏറെക്കാലം ജീവിച്ചു’ എന്ന് ലക്ഷയ് പറയുന്നുണ്ട്.
‘മുത്തച്ഛനുള്ള അന്ത്യാഞ്ജലി’ എന്നായിരുന്നു വീഡിയോയ്‍ക്ക് പേര് നൽകിയിരുന്നത്. എന്നാൽ, ട്വിറ്ററിൽ അനേകം പേർ വീഡിയോയെ വലിയ രീതിയിൽ വിമർശിച്ചു. ഇന്ന് സോഷ്യൽ മീഡിയയിൽ ആളുകൾക്ക് എന്തൊക്കെ പങ്ക് വയ്ക്കണം എന്തൊക്കെ പങ്ക് വയ്ക്കരുത് എന്ന കാര്യത്തിൽ യാതൊരു വകതിരിവും ഇല്ല എന്നായിരുന്നു മിക്ക ആളുകളുടെയും അഭിപ്രായം. ഈ വീഡിയോ ഒഴിവാക്കേണ്ടതായിരുന്നു എന്നും അനേകം പേർ കമന്റ് ചെയ്തു. ഏതായാലും അധികം വൈകാതെ ലക്ഷയ് തന്റെ വീഡിയോയുടെ തമ്പ്നെയിൽ മാറ്റി. ‘ഗ്രാമത്തിലെ പഴയ ദിനം’ എന്നായിരുന്നു പേര് മാറ്റിയത്.