അഹമ്മദാബാദ്: അമ്പരപ്പിക്കുന്നതും ഞെട്ടിക്കുന്നതുമായ ഒട്ടേറെ സന്ദര്‍ഭങ്ങള്‍ക്ക് വേദിയാകാറുണ്ട് ഐപിഎല്‍. പലപ്പോഴും ചിരിപടര്‍ത്തുന്ന സംഭവങ്ങളും ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ ഉണ്ടാകാറുണ്ട്.
ഒട്ടേറെ തകര്‍പ്പന്‍ ക്യാച്ചുകള്‍ക്ക് വേദിയായ ഐ.പി.എലില്‍ കഴിഞ്ഞ ദിവസം രസകരമായ ഒരു ക്യാച്ചിനും സാക്ഷിയായി. ഗുജറാത്ത് ടൈറ്റന്‍സ് – രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിനിടെയായിരുന്നു സംഭവം.
രാജസ്ഥാനെതിരേ ഗുജറാത്തിന്റെ ഇന്നിങ്‌സ് തുടങ്ങിയത് തകര്‍ച്ചയോടെയായിരുന്നു. ഇന്നിങ്‌സിന്റെ മൂന്നാം പന്തില്‍ തന്നെ ട്രെന്‍ഡ് ബോള്‍ട്ട്, ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയെ ക്യാച്ചെടുത്ത് പുറത്താക്കിയിരുന്നു. ഈ ക്യാച്ച് പക്ഷേ മത്സരം കണ്ടിരുന്നവരിലെല്ലാം ചിരിപടര്‍ത്തി.
സാഹയുടെ ബാറ്റില്‍ തട്ടി ഉയര്‍ന്ന പന്ത് പിടിക്കാന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണും പോയന്റില്‍ നിന്ന് ദ്രുവ് ജുറെലും സ്‌ക്വയര്‍ ലെഗില്‍ നിന്ന് ഹെറ്റ്മയറും ഒരേസമയം എത്തി. പിച്ചില്‍ മൂവരം ക്യാച്ചെടുക്കാനുള്ള തയ്യാറെടുപ്പില്‍. എന്നാല്‍ മൂവരും കൂട്ടിയിടിച്ചതോടെ പന്ത് സഞ്ജുവിന്റെ ഗ്ലൗസില്‍ തട്ടി ബോള്‍ട്ടിന്റെ കൈയിലേക്ക്.
മൂന്നാള്‍ ചേര്‍ന്ന് ശ്രമിച്ചിട്ട് കിട്ടാതെ പോയ ആ ക്യാച്ച് ഒടുവില്‍ ഒരു ശ്രമവും നടത്തായിരുന്ന ബോള്‍ട്ടിന്റെ കൈകളില്‍. വൈകാതെ ഈ ക്യാച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. ക്യാച്ചിനായി രാജസ്ഥാന്‍ താരങ്ങള്‍ ശ്രമിക്കുന്ന ചിത്രം മീം പേജുകളിലും ഹിറ്റാണ്.