ചെന്നലോട്: പ്രദേശത്തിൻറെ സമ്പൂർണ്ണ ശുചിത്വവും സൗന്ദര്യവൽക്കരണവും ലക്ഷ്യമിട്ടുകൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ‘അഴകേറും ചെന്നലോട്’ ക്യാമ്പയിന് തുടക്കമായി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വികസന സമിതി അംഗം ജോസ് മുട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. സംവിധായകനും സംസ്ഥാന ടെലിവിഷൻ അവാർഡ് ജേതാവുമായ നിർമൽ ബേബി വർഗീസ് മുഖ്യാതിഥിയായി. ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള പരിസരം എന്ന ലക്ഷ്യത്തോടെ ക്യാമ്പയിൻറെ ഭാഗമായി പൊതുസ്ഥലങ്ങൾ ജനകീയമായി ശുചീകരിക്കുന്നതോടൊപ്പം ഓരോ കുടുംബവും വീടും പരിസരവും ശുചീകരിക്കും. അങ്ങനെ ആരോഗ്യമുള്ള ശുചിത്വമുള്ള ഒരു നാടിനെ സൃഷ്ടിക്കുക എന്ന മഹത്തായ ലക്ഷ്യമാണ് അഴകേറും ചെന്നലോട് ക്യാമ്പയിനിലൂടെ നടപ്പിലാക്കുക. സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി വിവിധ പരിപാടികളും ഇതോടൊപ്പം നടക്കും. വാർഡ് വികസന സമിതി, തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രം, ആരോഗ്യ ശുചിത്വ കമ്മിറ്റി, കുടുംബശ്രീ, അഗ്രോ ക്ലിനിക് കമ്മിറ്റി, ആരോഗ്യ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
ഹെൽത്ത് സൂപ്പർവൈസർ വിൻസൻറ് സിറിൽ, കൃഷി ഓഫീസർ എം ജയരാജൻ, ദേവസ്യ മുത്തോലിക്കൽ, എ ഡി ഡേവിഡ്, എ കെ മുബഷിർ, സാഹിറ അഷ്റഫ്, ഷീന ഗോപാലൻ, ഇ എം സെബാസ്റ്റ്യൻ, പി ഷിഫാനത്ത്, കെ ടി ഹിമ തുടങ്ങിയവർ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി കെ കമറുന്നിസ സ്വാഗതവും ലിസി എബി നന്ദിയും പറഞ്ഞു.