കടം വാങ്ങുകയോ കൊടുക്കുകയോ ഒന്നും ചെയ്യാത്ത ആളുകള്‍ വളരെ കുറവായിരിക്കും. നമ്മുടെ അടുത്ത് നിന്നും ഒരാള്‍ പൈസ കടം വാങ്ങിയ ശേഷം മുങ്ങിക്കളഞ്ഞാലോ? അതുചിലപ്പോള്‍ സുഹൃത്തുക്കളാകാം, സഹപ്രവര്‍ത്തകരാകാം, ഇനി പരിചയമില്ലാത്തവരുമാകാം. പലരും എന്തു ചെയ്യണമെന്നറിയാതെ പെട്ടുപോകാറുണ്ട്. ഇത്തരത്തില്‍ ഒരു സാഹചര്യം വന്നാല്‍ എന്തു ചെയ്യണമെന്ന് നോക്കാം…
പറഞ്ഞ സമയം കഴിഞ്ഞ് കുറേ നാളായിട്ടും പണം തിരികെക്കിട്ടിയില്ലെങ്കില്‍ നിയമ മാര്‍ഗങ്ങള്‍ നോക്കുകയല്ലാതെ വേറെ വഴിയില്ല. ആദ്യ ഘട്ടമെന്ന നിലയില്‍ അവര്‍ക്ക് ലീഗല്‍ നോട്ടീസ് അയയ്ക്കാവുന്നതാണ്. ഒരു നിയമ വിദഗ്ധനെ കണ്ട് പരാതിയുള്ള ആളിന്റെ അഡ്രസിലേക്ക് നോട്ടീസ് അയയ്ക്കാം. നോട്ടീസ് അയച്ചിട്ടും പണം തിരികെ നല്‍കിയില്ലെങ്കില്‍ തുടര്‍ന്നുണ്ടാകുന്ന ഭവിഷ്യത്തുകള്‍ അവരെ അറിയിക്കാം. നോട്ടീസ് കണ്ടാല്‍ത്തന്നെ ചിലര്‍ നിയമ നടപടികള്‍ പേടിച്ച് പണം തിരികെ നനല്‍കിയേക്കാം. ലീഗല്‍ നോട്ടീസ് അയച്ചിട്ടും പണം തിരികെക്കിട്ടിയില്ലെങ്കിലോ? തെളിവു സഹിതം പൊലീസ് സ്റ്റേഷനില്‍ ഒരു പരാതി ഫയല്‍ ചെയ്യാം. പരാതിയിന്മേല്‍ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി പണം തരാനുള്ള ആളെ പൊലീസ് വിളിച്ചുവരുത്തും. പരാതി വസ്തുനിഷ്ഠമാണെങ്കില്‍, ആവശ്യമായ തെളിവുകളുണ്ടെങ്കില്‍ പൊലീസ് ഒരു കോംപ്രമൈസ് ചര്‍ച്ച നടത്തും. അതിലും തീര്‍ന്നില്ലെങ്കില്‍ പൊലീസിന് അടുത്ത നടപടിയിലേക്ക് പോകാം.
ഒരു തരത്തിലും എതിര്‍ കക്ഷി പണം തരില്ല എന്നുറപ്പിച്ചാല്‍ ഒരു മണി റിക്കവറി സ്യൂട്ട് ഫയല്‍ ചെയ്യുക എന്നതാണ് മാര്‍ഗം. പണം വീണ്ടെടുക്കുന്നതിനുള്ള ഫലപ്രദമായ ഒരു നിയമ മാര്‍ഗമാണിത്. കോടതിയില്‍ പണം വീണ്ടെടുക്കാനായി കേസ് ഫയല്‍ ചെയ്യുക എന്നതാണ് ആദ്യ പടി. ഇതിനും ഒരു നിയമ വിദഗ്ധന്റെ സഹായം തേടണം. പരാതി സത്യസന്ധമാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ കൃത്യമായി കയ്യില്‍ കരുതണം. പണം ഓണ്‍ലൈന്‍ ആയി ട്രാന്‍സ്ഫര്‍ ചെയ്തതാണെങ്കില്‍ യു പി ഐ ആപ്പ് സ്‌ക്രീന്‍ ഷോട്ട്, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് സ്‌ക്രീന്‍ ഷോട്ട്, കിട്ടാനുള്ള പണത്തിന്റെ പേരില്‍ നിങ്ങള്‍ പരസ്പരം അയച്ച മെസേജുകള്‍ തുടങ്ങിയവയൊക്കെ തെളിവായി ഉപയോഗിയ്ക്കാവുന്നതാണ്.
ഇതിലെല്ലാം പ്രധാനം ആവശ്യമായ തെളിവുകള്‍ ഉണ്ടായിരിക്കണം എന്നതാണ്. അപ്പോള്‍ എത്രയടുത്ത സുഹൃത്താണെങ്കിലും, ആര്‍ക്കെങ്കിലും പണം കടമായി നല്‍കുമ്പോള്‍ വേണ്ട തെളിവുകളോടെ നല്‍കാന്‍ ശ്രദ്ധിക്കുമല്ലോ?