പട്ടാപകല്‍ ഉത്തര്‍പ്രദേശില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ വെടിവെപ്പ്. യു.പിയിലെ ബറേലി എന്ന സ്ഥലത്താണ് കഴിഞ്ഞദിവസം സംഭവം നടന്നത്. ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. രണ്ട് ഗ്രൂപ്പുകളിലെയും ആളുകള്‍ തമ്മില്‍ പരസ്പരം വെടിയുതിര്‍ക്കുന്നതാണ് എക്‌സിൽ പ്രചരിക്കുന്ന വിഡിയോയിൽ ഉള്ളത്.
പിലിഭിത്ത് ബൈപാസ് റോഡിലെ ബജ്റംഗ് ധാബയ്ക്ക് സമീപമുള്ള ഇസത്നഗറിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ദേശീയ മാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യാത്രക്കാര്‍ ജീവന്‍ രക്ഷിക്കുന്നതിനായി സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോവുന്നതും, ഒരു സംഘം ആളുകൾ കാർ എടുത്ത് എതിർ സംഘത്തെ ഇടിക്കാൻ പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
അതേസമയം, ഏറ്റുമുട്ടലില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര രംഗത്തെത്തി. ‘തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ യോഗി ആദിത്യനാഥ് അവകാശപ്പെടുന്നത് രാജ്യത്തെ ഏറ്റവും മികച്ച ക്രമസമാധാനം യു.പിയിലാണെന്നാണ്. എന്നാല്‍ അതേ യു.പിയിലാണ് പട്ടാപകല്‍ തിരക്കേറിയെ റോഡില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുന്നത്.’ എന്നാണ് മഹുവ എക്സില്‍ പ്രതികരിച്ചത്.