കൽപ്പറ്റ:
അനുദിനം വികാസം പ്രാപിക്കുന്ന വിവര സാങ്കേതിക വിദ്യകൾ മദ്റസാ മുഅല്ലിംകൾക്ക് കൈമാറുന്നതിനായി ജില്ലാ ജം ഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിച്ച ഐ.ടി ശിൽപ്പശാല ശ്രദ്ധേയമായി. എ.ഐ, വി.ഐ, വി.ആർ തുടങ്ങിയ അതിനൂതന വിദ്യകളെ കുറിച്ച് ജില്ലയിലെ 15 റെയ്ഞ്ചുകളിലായി സേവനം ചെയ്യുന്ന ആയിരത്തിലധികം മദ്റസാധ്യാപകർക്ക് അവബോധം നൽകുന്നതിനാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. അധ്യാപന രംഗത്ത് ഇത്തരം വിദ്യകൾ ഉപയോഗപ്പെടുത്തലും നൂതന സാങ്കേതിക വിദ്യകൾ നന്മയുടെ മാർഗത്തിൽ തിരിച്ചു വിടലുമാണ് ജംഇയ്യത്തുൽ മുഅല്ലിമീൻ ലക്ഷ്യമിടുന്നത്. കൽപ്പറ്റ എച്ച്.ഐ. എം. യു.പി സ്കൂൾ പ്രധാനാധ്യാപകൻ കെ. അലി മാസ്റ്റർ , അബ്ദു റഊഫ് മാസ്റ്റർ മുട്ടിൽ എന്നിവരാണ് ശിൽപ്പശാലക്ക് നേതൃത്വം നൽകിയത്. ജില്ലയിലെ 15 റെയ്ഞ്ചുകളിൽ നിന്നുള്ള ഐ.ടി കോഡിനേറ്റർമാരും സെക്രട്ടറിമാരുമാണ് പരിശീലനം നേടിയത്. ഇവർ തുടർന്നു നടക്കുന്ന റെയ്ഞ്ച് ജനറൽ ബോഡികളിൽ ഉസ്താദുമാർക്ക് പരിശീലനം നൽകും. വിദ്യാർഥികളിലും രക്ഷിതാക്കളിലും മതപഠന മേഖല കൂടുതൽ ആകർഷണീയമാക്കി മദ്റസാ ശാക്തീകരണം സൃഷ്ടിക്കലാണ് ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ കമ്മിറ്റി വിഭാവനം ചെയ്യുന്നത്.കൽപ്പറ്റ സമസ്താലയത്തിൽ നടന്ന ശില്പ ശാലയിൽ ജില്ലാ പ്രസിഡണ്ട് കെ.വി. എസ്. ഇമ്പിച്ചി ക്കോയതങ്ങൾ അദ്ധ്യക്ഷനായി. ജില്ലാ ഭാരവാഹികളായ അശ്റഫ് ഫൈസി പനമരം, പി. സൈനുൽ ആബിദ് ദാരിമി, അബ്ദുൽ മജീദ് അൻസ്വരി, മുനീർ ദാരിമി സംബന്ധിച്ചു. ജില്ലാ സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും ജില്ലാ ഐ.ടി കൺവീനർ ശിഹാബുദ്ദീൻ ഫൈസി റിപ്പൺ നന്ദിയും പറഞ്ഞു.

അറബിക്ക് ലാംഗ്വേജ് ടീച്ചർ നിയമനം
നെല്ലിയമ്പം ഗവ. എൽ.പി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജൂനിയർ അറബിക്ക് ലാംഗ്വേജ് ടീച്ചർ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകയുടെ അസലുമായി നാളെ (നവംബർ 7) രാവിലെ 10ന് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.







