ഉരുള്‍പൊട്ടൽ ദുരന്തത്തില്‍ ഒറ്റപ്പെട്ട ചൂരൽമലയിൽ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ കെ.എസ്.ഇ.ബിക്ക് കഴിഞ്ഞത് രക്ഷാപ്രവര്‍ത്തനത്തിന് തുണയായി. ചൂരല്‍മലയിലെ കണ്‍ട്രോള്‍ റൂമിലും പരിസരത്തും വൈദ്യുതി ഇല്ലാതെ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാകുന്ന സാഹചര്യമാണ് ഒഴിവാക്കിയത്.
കനത്ത കാറ്റിലും പേമാരിയിലും മരം വീണും ലൈനുകള്‍ പൊട്ടിയ വൈദ്യുത ലൈനുകള്‍ പുനസ്ഥാപിക്കലായിരുന്നു ശ്രമകരമായ ദൗത്യം. ദുരന്തമേഖലയിലുള്ള ഹൈടെന്‍ഷന്‍ ലൈനുകളെല്ലാം തകര്‍ന്നതോടെ ഈ പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം നേരത്തെ തന്നെ വിഛേദിച്ചിരുന്നു. പൊട്ടി വീണ ലൈനുകള്‍ നീക്കം ചെയ്തതിനാല്‍ വാഹനങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ടില്ലാതെ എത്താനായി.
കെ.എസ്.ഇ.ബി മേപ്പാടി സെക്ഷനു കീഴില്‍ ആകെ 19000 കണക്ഷനുകളാണുള്ളത്. ഇതില്‍ മുണ്ടക്കൈ ചൂരല്‍മല ദുരന്ത പ്രദേശങ്ങളിലായി 385 ഗാര്‍ഹിക കണക്ഷനുകളും 70 സ്ഥാപനങ്ങളുടെ കണക്ഷനുകളും ഉണ്ടായിരുന്നു. ഇവ പൂര്‍ണ്ണമായും തകര്‍ന്നു. വൈദ്യുതി തൂണുകള്‍ ട്രാന്‍സ്‌ഫോമറുകള്‍ എന്നിവയെല്ലാം തകര്‍ന്നടിഞ്ഞു. മൂന്നു കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.
ദുരന്ത രക്ഷാപ്രവര്‍ത്തന വേളയില്‍ 24 മണിക്കൂര്‍ സേവനങ്ങളുമായി കെ.എസ്.ഇ.ബി ജീവനക്കാര്‍ ഇവിടെയുണ്ട്. കനത്ത മഴ വകവെക്കാതെയാണ് ചൂരല്‍മലയിലേക്ക് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്. ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ ഒറ്റപ്പെട്ട അട്ടമലയിലേക്കുള്ള വൈദ്യുതി കണക്ഷനും ഇതിനകം പുനസ്ഥാപിച്ചു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തുടങ്ങിയവരെല്ലാം സ്ഥലത്ത് ക്യാമ്പ് ചെയ്താണ് ദുരന്തമേഖലയിൽ ചൂരല്‍മല വരെയും വൈദ്യുതി ബന്ധം ഉറപ്പാക്കിയത്.