ഫുട്ബോളിലെ ഇഷ്ടതാരമാരാണെന്ന് തുറന്നു പറഞ്ഞ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. സൂപ്പര്‍ ലീഗ് കേരള ഫുട്ബോളില്‍ തൃശൂര്‍ മാജിക് എഫ് സിയുടെ ജേഴ്സി പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു അവതാരകൻ ഫുട്ബോളിലെ ഇഷ്ടതാരത്തെക്കുറിച്ച് ചോദിച്ചത്. താനങ്ങനെ ലോക ഫുട്ബോളിന്റെ പിന്നാലെ പോകുന്ന ആളല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പക്ഷെ ചോദിച്ചാല്‍ അപ്പോള്‍ തന്റെയും, കുടുംബത്തിന്റെയും ഫേവറൈറ്റെന്നു പറയുന്നത് ആരായിരിക്കും എന്ന് സുരേഷ് ഗോപി അവതാരകനോട് ചോദിച്ചു. അര്‍ജന്റീന നായകന് ലിയോണല്‍ മെസിയുടെയും ഇതിഹാസ താരം പെലെയുടെയുമെല്ലാം പേരുകള്‍ അവതാരകന് പറഞ്ഞെങ്കിലും അവരാരും അല്ലെന്ന് സുരേഷ് ഗോപി തലയാട്ടി.
താനും തന്റെ കുടുംബവും ഇഷ്ടപ്പെടുന്ന കളിക്കാരന്, ഫുട്ബോളിലെ ചുള്ളൻ കാല്പന്ത് ചെക്കന്, അതെ റൊണാള്‍ഡോ ആണെന്ന് സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിയും ടീമിന്റെ അബാസഡറായ നടന് നിവിന്‍ പോളിയും ടീം ഉടമയായ നിര്‍മാതാവ് ലിസ്റ്റൻ സ്റ്റീഫനും ചേര്‍ന്നാണ് ഔദ്യോഗിക ജേഴ്സി പുറത്തിറക്കിയത്. നടന് ബാബു ആന്റണി, ടീമിന്റെ മുഖ്യ പരിശീലകന് ജിയോവാനി സ്കാനു, സഹപരിശീകന്‍ സതീവന്‍ ബാലന്, സുശാന്ത് മാത്യു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.