കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ശേഖരിക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ വയനാട് ദുരിതാശ്വാസ ഫണ്ട് 35 കോടി കടന്നു. ഓഗസ്റ്റ് രണ്ടാം തീയതി ആരംഭിച്ച ധനസമാഹരണം ഇന്നലെ അര്‍ധരാത്രി സമാപിച്ചു. ‘ഫോര്‍ വയനാട്’ എന്ന ആപ്ലിക്കേഷന്‍ വഴിയായിരുന്നു ധനസമാഹരണം നടത്തിയത്. ധനസമാഹരണത്തിന് പുറമേ 12 വീടുകളും സംഭാവനയായി ലഭിച്ചിട്ടുണ്ട്.
പദ്ധതിയില്‍ ആദ്യ ഫണ്ടായി 50 ലക്ഷം രൂപ തിരുനാവായ സ്വദേശി ബാബുവാണ് നല്‍കിയത്. ആപ്ലിക്കേഷന്‍ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നായിരുന്നു പുറത്തിറക്കിയത്. നേരത്തെ തന്നെ വയനാട് ദുരിത ബാധിതര്‍ക്ക് മുസ്‌ലിം ലീഗ് അടിയന്തര ധനസഹായം പ്രഖ്യാപിച്ചിരുന്നു
ജൂലൈ 30നായിരുന്നു കേരളത്തെ ഞെട്ടിച്ചുകൊണ്ട് വയനാട് ഉരുള്‍പ്പൊട്ടലുണ്ടാകുന്നത്. പ്രകൃതി ദുരന്തത്തില്‍ 300ലധികം പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും അതില്‍ ഇരട്ടിയോളം പേര്‍ക്ക് ജീവിതവും നഷ്ടമായി. എന്നാല്‍ സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 231പേരാണ് ഉരുള്‍പ്പൊട്ടലില്‍ പൊലിഞ്ഞുപോയത്. 78 പേരെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 62 കുടുംബങ്ങളാണ് ഒരാള്‍ പോലുമില്ലാതെ പൂര്‍ണമായി ഇല്ലാതായത്. 71 പേര്‍ക്ക് പരുക്കേറ്റു. 183 വീടുകള്‍ തകര്‍ന്നു. എട്ട് കിലോമീറ്ററോളം ദൂരത്തില്‍ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല ഗ്രാമങ്ങളെയാണ് ദുരന്തം ബാധിച്ചത്.