പ്രഗൽഭ ന്യായാധിപനും മന്ത്രിയുമായിരുന്ന ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ ജന്മദിനമായ നവമ്പർ 15 മുതൽ അദ്ദേഹത്തിൻ്റെ ചരമദിനമായ ഡിസമ്പർ 4 വരെ പ്രൊബേഷൻ വാരമായി സാമൂഹ്യ നീതി വകുപ്പ് ആഘോഷിക്കുന്നതിൻ്റെ ഭാഗമായി ജില്ലാ പ്രൊബേഷൻ ഓഫീസ് വിവിധ വിഷയങ്ങളിൽ വെബിനാറുകൾ സംഘടിപ്പിച്ചു. ‘നേർ ദിശ – 2020’ – എന്ന പേരിലാണ് പരിപാടികള്‍ നടത്തിയത്. ‘പ്രൊബേഷൻ നിയമ നിർവഹണത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് ‘ എന്ന വിഷയത്തിൽ ജില്ലയിലെ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ മാർക്ക് നടത്തിയ വെബിനാർ അഡീഷണൽ പോലീസ് സൂപ്രണ്ട് വി.ഡി.വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രൊബേഷൻ ഓഫീസർ അഷ്റഫ് കാവിൽ വിഷയം അവതരിപ്പിച്ചു.
‘നല്ല നടപ്പ് സംവിധാനവും ജില്ലാ പ്രൊബേഷൻ ഓഫീസ് വഴിയുള്ള സേവനങ്ങളും’ എന്ന വിഷയത്തിൽ കുടുംബശ്രീ പ്രവർത്തകർക്ക് വേണ്ടി നടത്തിയ വെബിനാർ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി. സാജിത ഉദ്ഘാടനം ചെയ്തു. പ്രൊബേഷൻ അസിസ്റ്റൻറ് മുഹമ്മദ് അജ്മൽ ക്ലാസെടുത്തു. എ.ഡി.എം.സി. ഹാരിസ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ആശാ പോൾ, കമ്യൂണിറ്റി കൗൺസിലർ വത്സ മാർട്ടിൻ എന്നിവർ സംസാരിച്ചു.
സാമൂഹ്യനീതി വകുപ്പ് പ്രസിദ്ധീകരിച്ച ‘പ്രൊബേഷൻ, ആഫ്റ്റർ കെയർ, മറ്റു സാമൂഹിക പ്രതിരോധ സംവിധാനങ്ങൾ ‘ എന്ന കൈ പുസ്തകത്തിൻറെ പ്രചാരണ ക്യാമ്പയിനായ ‘കൈമാറ്റം’, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദിന് പുസ്തകം നൽകിക്കൊണ്ട് അസിസ്റ്റൻ്റ് കലക്റ്റർ ഡോ. ബൽപ്രീത് സിങ് ഉദ്ഘാടനം ചെയ്തു.
‘നേർവഴി പദ്ധതിയും പൊതു ജനപങ്കാളിത്തവും’ എന്ന വിഷയത്തിൽ ജനത ലൈബ്രറിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന സെമിനാർ നവംബർ 28 ന് വൈകുന്നേരം ആറുമണിക്കും ‘സാമൂഹ്യ പ്രതിരോധവും യുവാക്കളും ‘ എന്ന വിഷയത്തിൽ നെഹ്റു യുവ കേന്ദ്രയുമായി ചേർന്ന് സംഘടിപ്പിക്കുന്ന വെബിനാർ നവംബർ 30 ന് രാവിലെ 11 മണിക്കും നടക്കും.